| Tuesday, 29th November 2022, 9:45 am

വിഴിഞ്ഞത്തെ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്; ക്രമസമാധാനത്തിനായി പ്രത്യേക സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദക്ഷിണ മേഖലാ ഡി.ഐ.ജി ആര്‍. നിശാന്തിനിയാണ് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍.

നാല് എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡി.സി.പി അജിത്കുമാര്‍, കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം എന്നുമാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്‍കി നിയമിച്ചത്.

അതേസമയം, സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ്. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഓഖി ദുരന്തത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വഞ്ചനാദിനമായി ആചരിക്കുന്നത്.

പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന സര്‍വകക്ഷി യോഗം നടന്നെങ്കിലും, തീരുമാനമാകാതെ പിരിയുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കണ്ടാലറിയുന്ന 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടെഞ്ഞുവെക്കുക, കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആര്‍.

കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.

ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

Content Highlight: DIG R Nishanthini will Lead Special Force at Vizhinjam

We use cookies to give you the best possible experience. Learn more