കോഴിക്കോട്: പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍ പേരുള്‍പ്പെടുത്തിയതിനെതിരെ ഡി.ഐ.ജി ശ്രീജിത്ത് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തനിയ്‌ക്കെതിരെയുള്ളത് സ്വകാര്യ വ്യക്തിയുടെ പരാതിയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ ക്രിമിനലാണെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് പോലീസിലെ ക്രിമിനല്‍ ബന്ധമുള്ളവരുടെ ലിസ്‌റ്റ് ഡി.ജി.പി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ചത്. ഇതില്‍ ഡി.ഐ.ജി ശ്രീജിത്തിന്റെ പേരുമുണ്ടായിരുന്നു. ഇതിനെതിരെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇപ്പോഴും ക്രിമിനലുകളുമായി ബന്ധം പുലര്‍ത്തുന്നവരുമായ ഉദ്യോഗസ്ഥരുടെ പട്ടികയാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് ശ്രീജിത്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ പരാതിയുടെ പേരില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍ ഇക്കൂട്ടത്തില്‍ വരില്ല. രമേശ് നമ്പ്യാര്‍ എന്ന സ്വകാര്യവ്യക്തി നല്‍കിയ പരാതി മാത്രമാണ് തനിക്കെതിരെയുള്ളത്. താനും അമ്മാവനും തമ്മിലുള്ള സിവില്‍ തര്‍ക്കും മുതലെടുത്തുള്ള പരാതിയാണിത്.
ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഈ പരാതി എ.ഡി.ജി.പി മഹേഷ്‌കുമാര്‍ സിംഗ്ല അന്വേഷിച്ചിരുന്നു. 9 സാക്ഷികളെ ചോദ്യം ചെയ്യുകയും 18 രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താന്‍ നിരപരാധിയാണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയില്‍ പോകാതെ വീണ്ടും തനിക്കെതിരെ വസ്തുതാവിരുദ്ധമായ പരാതികള്‍ വീണ്ടും ഉന്നയിച്ച് വിജിലന്‍സ് കോടതിയില്‍ പോവുകയാണ് രമേശ് നമ്പ്യാര്‍ ചെയ്തത്. രമേശ് നമ്പ്യാര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി താന്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും ശ്രീജിത്ത് മുഖ്യമന്ത്രിയെ അറിയിച്ചു.
ഡി.ജി.പിയുടെ പട്ടിക പുറത്തുവന്നതോടെ തനിക്കും തന്റെ കുടുംബത്തിനും വലിയ തോതില്‍ മാനഹാനി ഉണ്ടായെന്നും ഉടന്‍തന്നെ പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കി തനിക്കുണ്ടായ കളങ്കം മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഐ.ജി ടോമിന്‍ തച്ചങ്കരി, ഡി.ഐ.ജി ശ്രീജിത്ത് എന്നിവരടക്കം ക്രിമിനല്‍ പട്ടികയില്‍പ്പെട്ട 533 പോലീസുകാരുടെ ലിസ്റ്റ് ജൂണ്‍ അഞ്ചിനാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.