| Monday, 12th October 2020, 4:56 pm

ഡിപ്രഷനെന്ന് ആമിര്‍ഖാന്റെ മകള്‍; കുടുംബം തകര്‍ന്നതു കൊണ്ടെന്ന് കങ്കണയുടെ മറുപടി, വ്യാപക വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാനെക്കുറിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത് ചെയ്ത ട്വീറ്റ് വിവാദത്തില്‍. ലോകമാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ഐറ ഖാന്‍ ചെയ്ത വീഡിയോയെക്കുറിച്ചാണ് കങ്കണയുടെ പ്രതികരണം. കഴിഞ്ഞ നാലു വര്‍ഷമായി തനിക്ക് വിഷാദ രോഗമുണ്ടെന്നും ഇതിനെതിരെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നും ഐറ ഖാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

വിഷാദ രോഗം പിടിപെടുന്നതിന് പല കാരണങ്ങളുണ്ടാവാം. എന്നാല്‍ പൊതുവെ തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇതിന് സാധ്യതയേറെയാണെന്നും പാരമ്പര്യ കുടുംബമൂല്യങ്ങള്‍ പ്രധാനമാണെന്നുമാണ് ഇതിനോടുള്ള കങ്കണയുടെ പ്രതികരണം.

ആമിര്‍ഖാന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനം സൂചിപ്പിച്ചു കൊണ്ടാണ് കങ്കണയുടെ ട്വീറ്റ്. റീന ദത്തയുടെ മകളാണ് ഐറ ഖാന്‍.

കങ്കണയുടെ ട്വീറ്റിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. കങ്കണ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് എന്തുകൊണ്ടാണ് നിര്‍ത്താത്തതെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്. മറ്റാരേക്കാളും മുമ്പേ കങ്കണയ്ക്കാണ് അടിയന്തര തെറാപ്പി ആവശ്യമാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുമ്പ് നടി ദീപിക പദുകോണിനെയും വിഷാദരോഗത്തിന്റെ പേരില്‍ കങ്കണ പരിഹസിച്ചിരുന്നു.

മാനസികാരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാകേണ്ടത് ആത്യാവശ്യമാണെന്ന് പറഞ്ഞു കൊണ്ടാണ് ഐറ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വെച്ചത്. ഒപ്പം തനിക്ക് കഴിഞ്ഞ നാലു വര്‍ഷമായി വിഷാദരോഗമുണ്ടെന്നും ഐറ ഖാന്‍ പറയുന്നുണ്ട്.

‘ ക്ലിനിക്കല്‍ ഡിപ്രഷന്‍ മൂലം ഞാന്‍ ഡോക്ടറുടെ സഹായം തേടുന്നുണ്ട്. ഇപ്പോള്‍ ഭേദമുണ്ട്. ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അതിനാല്‍ ഞാന്‍ നിങ്ങളെ എന്റെ യാത്രയ്‌ക്കൊപ്പം കൂട്ടുന്നു. നമ്മള്‍ക്ക് നമ്മളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതില്‍ പുരോഗതിയുണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഐറ ഖാന്‍ വീഡിയോയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more