തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാരും എഴുന്നേല്‍ക്കണം: പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
Daily News
തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാരും എഴുന്നേല്‍ക്കണം: പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2017, 10:19 am

national-anthem

ന്യൂദല്‍ഹി: തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍  ഭിന്നശേഷിയുള്ളവരും എഴുന്നേറ്റ് നില്‍ക്കണമെന്ന്  കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിക്കാരായും ദേശീയഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും എഴുന്നേല്‍ക്കാന്‍ കഴിയുന്ന എല്ലാവരും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഭിന്നശേഷിക്കര്‍ അവര്‍ക്ക് സാധ്യമായപോലെ ശരീരചലനം നിയന്ത്രിച്ച്, ദേശീയഗാനത്തോട് ആദരവ് പുലര്‍ത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം

കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ കാഴ്ചയ്ക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കണമെന്ന കര്‍ശനവ്യവസ്ഥകളും പറയുന്നുണ്ട്.

തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍, കേള്‍വിക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുംവിധം സ്‌ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം.


പൂര്‍ണമായും ബുദ്ധിവൈകല്യമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ല. എന്നാല്‍, അല്‍പ്പമെങ്കിലും ബുദ്ധിവികാസമുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എഴുന്നേറ്റ് നില്‍ക്കാന്‍ വേണ്ട പരിശീലനം നല്‍കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

മാനസികപ്രശ്നമുള്ള പലര്‍ക്കും പുറമേക്ക്, പ്രശ്നങ്ങള്‍ കാണാനിടയില്ല. അതിനാല്‍, അനിഷ്ടസംഭവം ഒഴിവാക്കാന്‍ തിയേറ്റര്‍ അധികൃതര്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കൈമാറിയ മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പില്‍ പറയുന്നു.

തിയേറ്ററുകളിലും മറ്റും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍, ഭിന്നശേഷിയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി മുന്‍ഉത്തരവില്‍ പറഞ്ഞിരുന്നത്.

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും കൈമാറി. ഫെബ്രുവരി 14ന് കേസില്‍ അടുത്തവാദം കേള്‍ക്കുമ്പോള്‍, മാര്‍ഗനിര്‍ദേശം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.