| Sunday, 10th May 2020, 1:44 pm

കൊവിഡ് ദുരിതാശ്വാസത്തിനായി വഖ്ഫ് ബോര്‍ഡുകള്‍ നല്‍കിയത് 51 കോടി; 16 ഹജ്ജ് ഹൗസുകള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ വഖഫ് ബോര്‍ഡുകള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 51 കോടിയോളം സംഭാവന ചെയ്തു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

വിവിധ മത, വിദ്യാഭ്യാസ സംഘടനകളുടെ പിന്തുണയോടെയാണ് പണം സമാഹരിച്ച് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിവിധ വഖ്ഫ് ബോര്‍ഡുകള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ 16 ഹജ്ജ് ഹൗസുകള്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ വിട്ടു കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നൈപുണ്യ വികസന പരിപാടിക്ക് കീഴില്‍ പരിശീലനം ലഭിച്ച 1500ഓളം ആരോഗ്യപരിപാലന സഹായികള്‍ കൊവിഡ് രോഗികള്‍ക്കായുള്ള ചികിത്സയില്‍ പങ്കാളികളാകുന്നതായും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വിവിധ ആശുപത്രികളില്‍ സഹായിക്കുന്ന ഇവരില്‍ പകുതിയും പെണ്‍കുട്ടികളാണ്. ഈ വര്‍ഷം 2000 ആരോഗ്യ പരിപാലന സഹായികളാണ് ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന് കീഴില്‍ നിന്നും പരിശീലനം ലഭിച്ച് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പി.എം കെയര്‍ ഫണ്ടിലേക്ക് അലിഗഡ് മുസ്‌ലിം സര്‍വകലാശാല 1.40 കോടി രൂപ സംഭാവന ചെയ്‌തെന്നും നഖ്‌വി അറിയിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാല മെഡിക്കല്‍ കോളെജ് കൊവിഡ് രോഗികള്‍ക്കായി 100 ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more