വ്യത്യസ്തങ്ങളായ ഒരുപാട് ത്രില്ലർ സിനിമകൾ ഇറങ്ങിയിട്ടുള്ള സിനിമ ഇൻഡസ്ട്രിയാണ് മലയാളം. ത്രില്ലർ ഴോണറിലുള്ള ചിത്രങ്ങൾക്ക് വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഉണ്ട്. അതുകൊണ്ടുതന്നെ മേക്കിങ്ങിൽ ആണെങ്കിലും കഥ പറച്ചിലിൽ ആണെങ്കിലും പുതിയ രീതികൾ പിന്തുടർന്നാൽ മാത്രമേ ആളുകൾക്കിടയിൽ ത്രില്ലർ സിനിമകൾക്ക് സ്വീകാര്യത ലഭിക്കുകയുള്ളൂ.
എന്നാൽ കാലങ്ങളായി എല്ലാ ഭാഷകളിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത്തരം ചിത്രങ്ങൾക്ക് ഒരു സ്ഥിരം ടെംപ്ലേറ്റ് തന്നെയുണ്ട്. അത് ബ്രേക്ക് ചെയ്യുന്ന തരത്തിലുള്ള സിനിമകൾ വല്ലപ്പോഴും മാത്രമാണ് മലയാളത്തിൽ ഇറങ്ങാറുള്ളത്.
ആ കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് ടൊവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങൾക്കിടയിൽ ടൊവിനോ, മോഹൻലാൽ അഭിനയിച്ച മുഖം എന്ന സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. മോഹൻ സംവിധാനം ചെയ്ത മലയാളത്തിലെ ഒരു അണ്ടർറേറ്റഡ് ക്രൈം ത്രില്ലറാണ് മുഖം.
എ.സി.പി ഹരിദാസ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ഒരു ഹീറോ പരിവേഷമുള്ള വ്യക്തിയല്ല അയാൾ. പലപ്പോഴും നിസ്സഹായനായി പോകുന്ന നായകനാണ് ഹരിദാസ്. അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രം ആനന്ദ് നാരായണനും അത്തരത്തിൽ ഒരാളാണ്.
വലിയ ബഹളമോ കാതടിപ്പിക്കുന്ന ബി. ജി. എമ്മുകളോയൊന്നും ഇല്ലാതെയുള്ള കേസ് അന്വേഷണമാണ് ചിത്രം പറയുന്നത്. കാലങ്ങൾ കഴിയുന്തോറും ത്രില്ലർ സിനിമകൾക്ക് മാറ്റം വരുന്നുണ്ട്. ആ ട്രെൻഡിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ സീരിയൽ കില്ലിങ്ങും, സൈക്കോ വില്ലനുമെല്ലാമുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഒരേ അച്ചിൽവാർത്ത നിരവധി സിനിമകളാണ് കുറച്ചുകാലങ്ങളായി മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിക്കൊണ്ടിരിക്കുന്നത്.
പത്മരാജന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാൻകാലത്ത്, മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന കെ.ജി ജോർജിന്റെ യവനിക, പത്മരാജന്റെ തന്നെ കരിയിലകാറ്റുപോലെ തുടങ്ങി എണ്ണംപറഞ്ഞ നിരവധി ത്രില്ലറുകൾ മലയാളത്തിൽ പിറന്നിട്ടുണ്ട്.
തകർന്നിരിക്കുന്ന, ദുരന്തപൂർണമായ ഭൂതകാലമുള്ള നായകനുമായിട്ടായി പിന്നീട് ത്രില്ലർ സിനിമകളുടെ വരവ്. ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം പ്രേക്ഷകന് കണ്ടിരിക്കാവുന്നവ ആയിരുന്നു. മെമ്മറീസ്, ഗ്രാൻഡ് മാസ്റ്റർ,അഞ്ചാം പാതിരാ തുടങ്ങി അവസാനമിറങ്ങി വലിയ വിജയമായി മാറിയ അബ്രഹാം ഓസ്‌ലർ എന്ന സിനിമയും ഈ ഗണത്തിൽ പെടുന്നവയായിരുന്നു. ഇവയിൽ ചില ചിത്രങ്ങൾ വലിയ വിജയമായപ്പോൾ ചിലത് ശരാശരിയിൽ ഒതുങ്ങി.
ആവർത്തിച്ചു വന്ന ഈ ഒരു ത്രില്ലർ അനുഭവങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് പുതിയ അന്വേഷിപ്പിൻ കണ്ടെത്തും ഒരുക്കിയിരിക്കുന്നത്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ആ സമയത്ത് നാട്ടിൻ പ്രദേശങ്ങളിൽ നടക്കുന്ന ക്രൈമുകളെ കുറിച്ചാണ് പറയുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും പഴയകാലത്ത് അത്തരത്തിലൊരു കേസ് തെളിയിക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളും എല്ലാമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ടെക്നോളജിയുടെ അഭാവത്തിൽ, തെളിവുകൾ മാത്രം കൈമുതലാക്കി യുക്തിപരമായി കേസ് അന്വേഷണത്തിന് ഇറങ്ങുന്ന സാധാരണക്കാരായ കുറച്ച് പൊലീസുകാരാണ് എസ്. ഐ ആനന്ദ് നാരായണനും സംഘവും.
ത്രില്ലർ സിനിമകളിൽ ഇത്തരത്തിൽ ഒരു കഥപറച്ചിൽ പരീക്ഷിച്ച സംവിധായകൻ ഡാർവിൻ കുര്യാക്കോസും കയ്യടി അർഹിക്കുന്നുണ്ട്.
അന്വേഷിപ്പിൻ കണ്ടെത്തും, കഴിഞ്ഞ വർഷം ഇറങ്ങിയ ഇരട്ട, ഇല വീഴപൂഞ്ചിറ തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ ത്രില്ലർ ഴോണറിൽ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
Content Highlight: Different Types Of Crime Thrillers In Malayalam Cinema