| Monday, 10th April 2023, 4:05 pm

'ഇതാണോ നിങ്ങളെ കുടുകുടെ ചിരിപ്പിച്ച രോമാഞ്ചം': ഒ.ടി.ടിയില്‍ രോമാഞ്ചത്തിന് എന്തുപറ്റി?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനസ് നിറഞ്ഞ് ചിരിക്കാന്‍ പാകത്തിലൊരു സിനിമ അതായിരിക്കും രോമാഞ്ചമെന്ന ജിത്തു മാധവ് സിനിമക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ടാഗ് ലൈന്‍ എന്നാണ് ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ പലരും പറഞ്ഞത്. വെറുതെ ചിരിപ്പിക്കുക മാത്രമല്ല തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ പേടിപ്പിക്കുക കൂടി ചെയ്ത സിനിമയായിരുന്നു രോമാഞ്ചം. കോമഡി ഹൊറര്‍ ഴോണറില്‍ കഥപറയുന്ന സിനിമക്ക് സ്വാഭാവിക നര്‍മങ്ങള്‍ വിതറി പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരിത്താനും കഴിഞ്ഞിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിനെത്തിയ സിനിമക്ക് പ്രേക്ഷകരെ അത്രകണ്ട് കയ്യിലെടുക്കാന്‍ സാധിച്ചില്ല.

സിനിമ ബോറടിപ്പിച്ചെന്നും, അഭിനയമൊക്കെ മോശമായിപ്പോയെന്നും പറയുന്നവരുണ്ട്. തിയേറ്ററില്‍ പോയി കാണാത്തത് എന്തുകൊണ്ടും നന്നായി എന്ന് തുടങ്ങുന്ന അഭിപ്രായങ്ങളും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോള്‍ ഈ പ്രവണത ഒരു സ്ഥിരം സംഭവമാകുന്നുണ്ട്. തിയേറ്ററില്‍ കയ്യടി വാങ്ങുന്ന പല ചിത്രങ്ങളും ഒ.ടി.ടി റിലീസില്‍ പരജയപ്പെടുന്നുണ്ട്.

തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ രോമാഞ്ചത്തിന്റെ ഏറ്റവും വലിയ പോസിറ്റീവായി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയത് താരങ്ങളുടെ പ്രകടനങ്ങളായിരുന്നു. അത്രയേറെ മികവോടെയാണ് ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബെംഗളൂരിലെ ഒരു വീട്ടില്‍ ഒരുമിച്ച് കഴിയുന്ന ഏഴ് ചെറുപ്പക്കാരുടെ വീട്ടിലേക്ക് ക്യാമറ കൊണ്ടുവെച്ചാല്‍ എങ്ങനെയിരിക്കും. അത് തന്നെയാണ് സിനിമ. അത്രയേറെ സ്വാഭാവികമായാണ് സിനിമ മുമ്പോട്ട് പോകുന്നത്.

തമാശക്ക് വേണ്ടി തമാശ പറയുന്ന രീതിയില്‍ നിന്നും മാറി, അത്രയേറെ സീരിയസായ സീനുകളില്‍ പോലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ രോമാഞ്ചം വിജയിക്കുന്നുണ്ട്. ഹൊറര്‍ കഥകള്‍ പറയുന്ന സിനിമകള്‍ ഇതിനുമുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും സ്വാഭാവിക നര്‍മമാണ് ആ സിനിമകളില്‍ നിന്നും രോമാഞ്ചത്തെ വ്യത്യസ്തമാക്കുന്നത്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നീ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും സിനിമയില്‍ പുതുമുഖങ്ങളാണെന്ന് പറയാം. ഇരു താരങ്ങളെയും രണ്ടറ്റത്ത് നിര്‍ത്തി ബാക്കിയുള്ളവര്‍ക്ക് നിറഞ്ഞാടാനുള്ള സ്പേസാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു ഒരുക്കി കൊടുക്കുന്നത്. ഇവരൊക്കെ സിനിമയില്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോഴും, സോഷ്യല്‍മീഡിയയിലൂടെയും മറ്റും വൈറലായിട്ടുള്ള ഇവരെ അറിയാത്ത മലയാളി ഉണ്ടാവില്ല.

‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസിലൂടെ മലയാളിക്ക് സുപരിചിതനായ നത്ത്(അബിന്‍ ജോര്‍ജ്) ജഗദീഷ് എന്നിവരുടെ പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കാതെ രോമാഞ്ചം പൂര്‍ണമാവില്ല. സിനിമയെ അത്രയേറെ രസകരമാക്കി തീര്‍ക്കുന്നതില്‍ ഇരുവരും വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയിലെ നായികയാണ് മറ്റൊരു പോസിറ്റീവ്.

മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കരിക്ക് എന്ന ചാനലിന്റെ തേരാ പാരാ വെബ്‌സീരീസിന്റെ ലൈനിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു മാധവ് രോമാഞ്ചത്തെ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് കണ്ടിരിക്കുന്ന പ്രേക്ഷകന് ഒരുവേള തോന്നും. എന്നാല്‍ രോമാഞ്ചം സിനിമക്ക് കരിക്കുമായി സാമ്യമുണ്ടെന്നോ തേരാ പാരയുടെ കോപ്പിയാണെന്നോ ഒന്നും പറയാന്‍ കഴിയില്ല. സിറ്റുവേഷണല്‍ കോമഡിയും സ്വാഭാവിക അഭിനയവുമാണ് കരിക്കിന്റെ വിജയ ഫോര്‍മുല അത് തന്നെയാണ് ഇവിടെ ജിത്തുവും പിന്തുടരുന്നത്.

content highlight: different reviews in ott release and theater release

Latest Stories

We use cookies to give you the best possible experience. Learn more