| Monday, 3rd April 2023, 12:13 pm

'സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് യഥാര്‍ഥമായത്'; സ്വവര്‍ഗ വിവാഹത്തിനെതിരെ വിവിധ മതനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ  വിവിധ മത നേതാക്കള്‍ രംഗത്ത്. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണയിലിരിക്കെയാണ് ഇതിനെതിരെ വിവിധ മത നേതാക്കള്‍ രംഗത്തെത്തിയത്.

ഇവരില്‍ ചിലര്‍ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ നിയമപരമാക്കണമെന്ന ഹരജിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മറ്റു ചിലര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് കത്തയച്ചു.

ജമാ അത്തെ ഇസ്‌ലാമി ഹിന്ദ്, ജം ഇയ്യത്ത് ഉലമ എ ഹിന്ദ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ്, അകാല്‍ തക്ത്, അജ്മീര്‍ ദര്‍ഗയില്‍ നിന്നുള്ള പ്രതിനിധികള്‍, ജൈന സമൂഹത്തില്‍ നിന്നുള്ള ഗുരുക്കന്മാര്‍ എന്നിവരാണ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വവര്‍ഗ വിവാഹം സ്വാഭാവികമായ കുടുംബക്രമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ആര്‍.എസ്.എസും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കണമെന്ന ആവശ്യത്തിലൂടെ വിവാഹമെന്ന ആശയത്തിന്റെ അന്തസത്തയെ ഹരജിക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് മതനേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഒരു പുരുഷനും സ്ത്രീക്കും ഇടയില്‍ നടക്കുന്ന വിവാഹമാണ് യഥാര്‍ഥമായത് എന്ന് ജമാ അത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് സലിം എന്‍ജിനിയര്‍ പറഞ്ഞു.

‘ഞങ്ങള്‍ സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ക്കുന്നു. ലോകം അംഗീകരിച്ചിട്ടുള്ളതും ശരിയായതുമായ വിവാഹമെന്നു പറയുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ്. അതിന് വിരുദ്ധമായി നടക്കുന്നതെന്തും നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന പല വ്യക്തിനിയമങ്ങള്‍ക്കും എതിരാണ്,’ സലിം പറഞ്ഞു.

സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കുന്നത് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന രാജ്യത്തെ കുടുംബ വ്യവസ്ഥക്ക് എതിരാണെന്നും സമൂഹത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും സലിം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ പൗരാണിക മൂല്യങ്ങള്‍ക്ക് മേലുള്ള ആക്രമണമാണിതെന്ന് ജൈന ഗുരു ആചാര്യ ലോകേഷ് പറഞ്ഞു.

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹരജി കോടതിയുടെ പരിഗണനയില്‍ വരുന്ന ഏപ്രില്‍ 18 മുതല്‍ പൊതുജന താത്പര്യ പ്രകാരം ഇതിന്റെ നടപടി ക്രമങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

Content Highlights: Different religious leaders united against same sex marriage

We use cookies to give you the best possible experience. Learn more