|

ഒരേ യാത്രയ്ക്ക് ഐ.ഒ.എസില്‍ നിന്നും ആന്‍ഡ്രോയിഡില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക്; യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യത്യസ്ത ഫോണുകളില്‍ നിന്നും ഒലയിലും യൂബറിലും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ലഭിക്കുന്ന വിഷയത്തില്‍ വിശദീകരണം തേടി ഉപഭോക്തൃ കാര്യ മന്ത്രാലയം. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണം ആവശ്യപ്പെട്ട് ക്യാബ് അഗ്രഗേറ്റര്‍മാരായ ഒലയ്ക്കും യൂബറിനും മന്ത്രാലയം നോട്ടീസ് അയച്ചു.

നേരത്തെ ഉപഭോക്താവ് ഐഫോണാണോ ആന്‍ഡ്രോയിഡാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഒരേ സേവനത്തിന് രണ്ട് കമ്പനികളും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നടപടി.

വില നിര്‍ണയരീതികള്‍ വിശദീകരിക്കാനും ആശങ്കകള്‍ പരിഹരിക്കാനും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വില നിര്‍ണയിക്കുമ്പോള്‍ സുതാര്യതയും ന്യായവും ഉറപ്പാക്കണമെന്നും വിശദമായ മറുപടി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

യൂബറില്‍ ഓരേ യാത്രയ്ക്ക് വ്യത്യസ്ത ഫോണുകളില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നത് വ്യത്യസ്ത നിരക്കെന്ന് കാണിച്ച് നേരത്തെ എക്സ് പോസ്റ്റ് വന്നിരുന്നു. മകളുടെ ഫോണിലും തന്റെ ഫോണിലും ഒരേ സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നത് വ്യത്യസ്ത നിരക്കാണെന്നാണ് എക്സ് ഉപഭോക്താവ് കുറിച്ചിരുന്നത്.

ഒരേ പിക്കപ്പ് പോയിന്റും ലക്ഷ്യസ്ഥാനവും സമയവും എന്നാല്‍ ബുക്ക് ചെയ്യുന്നത് രണ്ട് ഫോണുകളില്‍ നിന്നാകുമ്പോള്‍ ലഭിക്കുന്നത് രണ്ട് നിരക്കുകള്‍. എന്റെ മകളുടെ ഫോണില്‍ നിന്നും ബുക്ക് ചെയ്ത നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് എപ്പോഴും ഉയര്‍ന്ന നിരക്കാണ് ലഭിക്കുന്നത്. ഇതിന് കാരണമെന്താണ്? നിങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചായിരുന്നു എക്സ് പോസ്റ്റ്. കൂടാതെ രണ്ട് ഫോണുകളില്‍ നിന്നും ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച നിരക്കിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു.

പിന്നാലെ വ്യത്യസ്ത ഫോണുകളില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ നിരവധി പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായതായി മറ്റ് യൂബര്‍ ഉപയോക്താക്കളും ഈ പോസ്റ്റിന് താഴെ പ്രതികരിക്കുകയുണ്ടായി.

ആന്‍ഡ്രോയിഡില്‍ നിന്നും ഐ.ഒ.എസില്‍ നിന്നും ബുക്ക് ചെയ്യുമ്പോഴാണ് ഈ വ്യത്യാസമെന്നാണ് ആളുകള്‍ പ്രതികരിച്ചിരുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കാള്‍ ഐ.ഒ.എസ് ഫോണുകളില്‍ പല ആപ്പുകളും കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടെന്നും പോസ്റ്റിന് പ്രതികരണങ്ങളുണ്ടായിരുന്നു.

പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഊബര്‍ രംഗത്തെത്തിയിരുന്നു. നിരവധി കാര്യങ്ങള്‍ വിലയെ സ്വാധീനിക്കുമെന്നും പിക്ക് അപ്പ് പോയിന്റ്, ഇ.ടി.എ, ഡ്രോപ്പ് ഓഫ് പോയിന്റ് തുടങ്ങിയവയെല്ലാം വിലയെ സ്വാധീനിക്കുമെന്നും യാത്രക്കാരുടെ ഫോണിന്റെ അടിസ്ഥാനത്തില്‍ വിലയില്‍ വ്യത്യാസം വരില്ലെന്നുമായിരുന്നു യൂബറിന്റെ വിശദീകരണം.

Content Highlight: Different rates when booking from iOS and Android for the same journey; Center sends notice to Uber and Ola

Video Stories