'മകള്‍ക്ക് പേരിട്ടു..ആസിഫ.എസ്.രാജ്, എന്റെ മകളാണവള്‍'; കത്വയിലെ കൂട്ടബലാത്സംഘത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകന്‍
Daily News
'മകള്‍ക്ക് പേരിട്ടു..ആസിഫ.എസ്.രാജ്, എന്റെ മകളാണവള്‍'; കത്വയിലെ കൂട്ടബലാത്സംഘത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th April 2018, 10:56 am

 

കോഴിക്കോട്: കാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മലയാളി മാധ്യമപ്രവര്‍ത്തകന്‍. സ്വന്തം മകള്‍ക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരിട്ടുകൊണ്ടാണ് നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹം പങ്കാളിയായത്.

തന്റെ മകളുടെ ഫോട്ടോയോടൊപ്പമാണ് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകനായ രജിത് വിഷയത്തില്‍ വ്യത്യസ്തമായി പ്രതിഷേധിച്ചത്.

ഇത് യാതൊരു തരത്തിലുമുള്ള രാഷ്ട്രീയത്തിന്റെ ഭാഗമല്ല, മനുഷ്യത്വത്തിന്റെ ഭാഗം മാത്രമാണെന്ന് രജിത് ഡൂള്‍ന്യൂസിനോടു പറഞ്ഞു.


ALSO READ: പ്രതിഷേധത്തിനൊടുവില്‍ രാജി; കത്തുവ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ദേശീയപതാകയുമേന്തി റാലി നടത്തിയ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു


“ഇത് യാതൊരു തരത്തിലുമുള്ള രാഷ്ട്രീയത്തിന്റെ ഭാഗമല്ല. മനുഷ്യത്വത്തിന്റെ ഭാഗം മാത്രമാണ്. എല്ലാവരും മനുഷ്യത്വമുള്ളവരാകുക എന്നു മാത്രമേ തനിക്ക് പറയാനുള്ളൂ. എന്റെ മൂത്തമകള്‍ക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അതേ പ്രായമാണ്. ജാതി- മത രാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് മനുഷ്യത്വം എന്നൊരു കാര്യമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം” രജിത്പറഞ്ഞു.

എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുകയാണ്. എട്ടുപേര്‍ ചേര്‍ന്ന് അമ്പലത്തിനുള്ളില്‍ ക്രൂരമായി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയ്ക്ക് നീതി ലഭിക്കമമെന്നാവശ്യപ്പെട്ടും കുറ്റവാളികളായവരെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വിദ്യാര്‍ഥി സമൂഹവും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ തരത്തിലുള്ള ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.


MUST READ: #IndiaChanging; കത്വവ, ഉന്നോവ അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം; പ്രതിഷേധവുമായി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി


ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.