| Saturday, 28th January 2023, 9:00 am

'ഡോക്ടര്‍ പശുപതി' മുതല്‍ 'എലോണ്‍' വരെ, മാറ്റം കൊതിക്കുന്ന ഷാജി കൈലാസ് എന്ന സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പല സംവിധായകരും തങ്ങളുടെ സ്ഥിരം ഴോണറില്‍ നിന്നും വ്യതിചലിച്ച് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ തന്റെ സ്ഥിരം ഴോണറില്‍ നിന്നും ഷാജി കൈലാസ് എന്ന മാസ് സംവിധായകന്‍ മാറി ചിന്തിച്ചപ്പോള്‍ പിറന്ന രണ്ട് സിനിമകളാണ് ഡോക്ടര്‍ പശുപതിയും എലോണും.

ഡോക്ടര്‍ പശുപതി എന്ന സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കുക പോലുമില്ല. കാരണം മലയാള പ്രേക്ഷകരുടെ മനസ്സില്‍ തീപാറുന്ന ഡയലോഗും വില്ലനെ ഇടിച്ച് പറത്തി ചങ്ക് വിരിച്ചുവരുന്ന നായകനെയും ഒക്കെ സമ്മാനിച്ച ഷാജി കൈലാസ് മാത്രമേയുള്ളൂ.

ഇന്നസെന്റിനെ നായകനാക്കി രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഡോക്ടര്‍ പശുപതി. ഷാജി കൈലാസ് തന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറി സഞ്ചരിച്ചപ്പോള്‍ മികച്ചൊരു സിനിമാ അനുഭവം തന്നെയാണ് ലഭിച്ചത്. രസകരമായ മുഹൂര്‍ത്തങ്ങളും സ്വാഭാവികമായ തമാശകളും നിറഞ്ഞുനിന്നിരുന്ന സിനിമയാണ് ഡോക്ടര്‍ പശുപതി. അങ്ങനെ നോക്കുമ്പോള്‍ തന്റെ ആദ്യ പരീക്ഷണ ചിത്രത്തില്‍ തരക്കേടില്ലാത്ത വിജയം കൈവരിക്കാന്‍ ആ സംവിധായകന് കഴിഞ്ഞു.

കടുവ, കാപ്പ പോലെയുള്ള രണ്ട് മാസ് സിനിമകള്‍ക്ക് ശേഷം തന്റെ വിജയ ഫോര്‍മുലയായ ഇടിയും, മുണ്ടു മടക്കി കുത്തലും, മീശ പിരിക്കലും ഇല്ലാത്ത പുതിയ സിനിമാ അനുഭവം എന്ന നിലയിലാണ് ഷാജി കൈലാസ് എലോണിനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. എലോണ്‍ ഒരു പരീക്ഷണ ചിത്രമാണെന്ന് തന്നെ പറയാം. എന്നാല്‍ ആ പരീക്ഷണം അമ്പേ പരാജയപ്പെട്ട് പോകുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. ചിത്രത്തെ പരാജയത്തിലേക്ക് നയിച്ച പ്രധാന കാരണം അതിന്റെ തിരക്കഥ തന്നെയാണ്.

കൊവിഡ് മൂര്‍ച്ഛിച്ച് നിന്ന കാലത്തെ മനുഷ്യന്റെ ഭയവും ആശങ്കയും ഒക്കെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ സംവിധായകനും തിരക്കഥാകൃത്തും മോഹന്‍ലാലും ഒക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും ആറിപ്പോയ കഞ്ഞിയുടെ അവസ്ഥയായിരുന്നു ഏലോണിന്റെത്.

സിനിമയില്‍ സ്ഥാനത്തും അസ്ഥാനത്തുമായി വരുന്ന, സാഹചര്യങ്ങളുമായി ഒരുതരത്തിലും ബന്ധമില്ലാത്ത സംഭാഷണങ്ങളാണ് എലോണിലെ പ്രധാന കല്ലുകടിയായി തോന്നിയത്. തിയേറ്ററില്‍ ഒരു ഇമ്പാക്ടും സൃഷ്ടിക്കാത്ത, സാഹചര്യവുമായി ഒരുതരത്തിലും ഇണങ്ങി ചേരാത്ത മാസ് ഡയലോഗുകള്‍ പറഞ്ഞുവരുന്ന നായക കഥാപാത്രം അരോചകം തന്നെയായിരുന്നു. അതിനോടൊപ്പം കടന്നുവരുന്ന കേട്ട് മറന്ന ബി.ജി.എം കൂടിയാകുമ്പോള്‍ തിയേറ്ററില്‍ സിനിമ കാണാന്‍ പോയ പ്രേക്ഷകന്റെ കാര്യം പറയാനുണ്ടോ.

ഒരു പരീക്ഷണ ചിത്രം എന്ന നിലയില്‍ എലോണിനെയും, മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഷാജി കൈലാസ് എന്ന സംവിധായകനെയും അഭിനന്ദിക്കുക തന്നെ വേണം. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളുമായി വരുമ്പോള്‍ തിരക്കഥയിലെങ്കിലും കാര്യമായി ശ്രദ്ധിക്കുന്നത് നല്ലതാണ്.

conntent highlight: different movies of shaji kailas

We use cookies to give you the best possible experience. Learn more