വര്‍ഗീയ വോട്ടുകള്‍ കേരളത്തില്‍ വിലപ്പോവില്ല: മോദിയുടെ നിലപാടിനെ തള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി
D' Election 2019
വര്‍ഗീയ വോട്ടുകള്‍ കേരളത്തില്‍ വിലപ്പോവില്ല: മോദിയുടെ നിലപാടിനെ തള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 10:26 am

 

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് തള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. വര്‍ഗീയ വോട്ടുകള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നാണ് തുഷാര്‍ പറഞ്ഞത്.

ഹിന്ദു ഭീകരവാദം എന്ന വാക്ക് സൃഷ്ടിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ മോശക്കാരായി ചിത്രീകരിച്ചെന്നും ഹിന്ദുക്കളില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നുമായിരുന്നു മോദി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് എന്‍.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു തുഷാര്‍.

” കേരളത്തിന് വളരെ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയാണുള്ളത്. വര്‍ഗീയ വോട്ടുകള്‍ കേരളത്തില്‍ വിലപ്പോവില്ല. എല്ലാവരും ഐക്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. എനിക്ക് എല്ലാ ഹിന്ദുക്കളില്‍ നിന്നും, ക്രിസ്ത്യാനികളില്‍ നിന്നും മുസ്‌ലീങ്ങളില്‍ നിന്നും വോട്ടു ലഭിക്കും. ബി.ഡി.ജെ.എസ് പിന്നാക്ക സമുദായങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളില്‍ ഒന്നാണ് വയനാട്.” എന്നും അദ്ദേഹം പറഞ്ഞു.

Also read:ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എന്‍.ഡി.എ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റി നിശ്ചയിക്കുകയായിരുന്നു.

“ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണ്. ഊര്‍ജ്ജസ്വലനായ അദ്ദേഹം വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി പ്രവര്‍ത്തിക്കും. അദ്ദേഹത്തിലൂടെ കേരളത്തില്‍ രാഷ്ട്രീയ ബദലായി എന്‍.ഡി.എ ഉയര്‍ന്നുവരും.” എന്നായിരുന്നു തുഷാറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്.