മുഹഷിന്റെ സംവിധാനത്തില്‍ ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. തന്റെ കുടുംബത്തിന് വേണ്ടി ജീവിതകാലം അത്രയും പ്രവാസ ജീവിതം നയിക്കേണ്ടി വന്ന ഒരു മനുഷ്യനെ കുറിച്ച് സിനിമയില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ ബേസില്‍ അവതരിപ്പിക്കുന്ന ബച്ചു എന്ന കഥാപാത്രത്തിന്റെ പിതാവാണ് അദ്ദേഹം.
ഒരു ജീവിതകാലം അത്രയും ഗള്‍ഫിന്റെ ചൂടില്‍ ഇടുങ്ങിയ മുറിയില്‍ താമസിച്ച് രാവന്തിയോളം പണിയെടുക്കേണ്ടി വന്ന നിരവധി പ്രവാസികളുടെ ജീവിതമാണ് ആ സിനിമയില്‍ അയാള്‍ ജീവിച്ച് തീര്‍ക്കുന്നത്. ഒടുവില്‍ മരണാനന്തരവും തന്റെ വീട്ടിലെത്താന്‍ കഴിയാതെ പോകുന്ന നിര്‍ഭാഗ്യവാനാവുകയാണ് അയാള്‍. അത്രയേറെ വേദനയോടെ അല്ലാതെ ആ കഥാപാത്രത്തെ പ്രേക്ഷകന് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.
ഫോണ്‍ കോളിലൂടെ മാത്രമാണ് അയാള്‍ സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. എന്നാല്‍ ഓരോ പ്രേക്ഷകന്റെയും മനസില്‍ അയാള്‍ക്കൊരു രൂപമുണ്ടാകും. നമ്മള്‍ കണ്ടുമറന്ന നിരവധി പ്രവാസികളുടെ മുഖം. സിനിമയുടെ ഒരു ഘട്ടത്തില്‍ ബച്ചു അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്’ നിങ്ങളെ പോലെ ഞാനും ഒരു പരാജയപ്പെട്ട പ്രവാസിയാകണോ’ എന്ന്.
ആ നിമിഷം ഒരുപക്ഷെ ആയാള്‍ തകര്‍ന്നുപോകുന്നുണ്ടായിരിക്കും. ആ വിഷമമെല്ലാം ഒരു ചുമയിലൊതുക്കി അയാള്‍ കോള്‍ കട്ട് ചെയ്യുകയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രവാസി ഇത്തരം വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. ഇത്തരം വികാരങ്ങളെയൊക്കെ അതിമനോഹരമായിട്ടാണ് മുഹഷിന്‍ തന്റെ സിനിമയില്‍ പകര്‍ത്തിയിരിക്കുന്നത്.
പ്രവാസിയുടെ പ്രശ്‌നം മാത്രമല്ല, അവരുടെ കുടുംബത്തിന്റെ വേദനയും സിനിമ ചിത്രീകരിക്കുന്നുണ്ട്. ‘ഗള്‍ഫ് സാധനങ്ങളൊക്കെയാണ് ഉപയോഗിക്കുന്നത്, പക്ഷെ എനിക്ക് ബാപ്പയില്ലായിരുന്നു’ എന്ന് ബച്ചു പറയുന്നിടത്ത് അയാളിലെ സ്വാര്‍ത്ഥനായ മകന്‍ ഇല്ലാതാകുന്നുണ്ട്. സ്‌നേഹത്തെയും വേര്‍പാടിനെയും പ്രണയത്തെയുമൊക്കെ ഒറ്റ ഫ്രെയ്മിലൊതുക്കിയ സുന്ദര ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം.
CONTENT HIGHLIGHT: DIFFERENT EMOTIONS IN KADINA KADORAMEE ANDAKADAHAM MOVIE