ഗാസ: ഫലസ്തീനില്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രാഈലിന്റെ നടപടിയില്‍ പ്രതിഷേധവുമായി ലോകരാജ്യങ്ങള്‍. ഫലസ്തീന് പിന്തുണ അറിയിച്ച് നിരവധി പേരാണ് പ്രതിഷേധ റാലികള്‍ നടത്തിയത്.
ദോഹ, ലണ്ടന്‍, മാഡ്രിഡ്, പാരിസ്, ബര്‍ലിന്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഫലസ്തീന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തി.
ഇറാക്കില്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും ബാബിലോണ്‍, ദി ഖാര്‍, ദിവാനിയ, ബസ്‌റ തുടങ്ങി ഇറാക്കിന്റെ തെക്കന്‍ പ്രവിശ്യകളിലുമായി ഒത്തു ചേര്‍ന്ന ആളുകള്‍ ഫലസ്തീന്‍ പതാകയും ബാനറുകളും ഉയര്‍ത്തിയാണ് ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചത്.
ഖത്തറിലും ആയിരക്കണക്കിന് പേരാണ് പിന്തുണയുമായി ഒത്തുചേര്‍ന്നത്. ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്നുവെന്നും സ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കാന്‍ ആവുന്നത് ശ്രമിക്കുമെന്നും ഖത്തറിലെ ഒരു ഫലസ്തീനിയന്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പാരിസില്‍ ഒത്തുചേര്‍ന്ന ജനതയ്‌ക്കെതിരെ സുരക്ഷാ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാര്‍ച്ചിനെ നേരിടാന്‍ 4200ഓളം സുരക്ഷാ സേനയെയാണ് വിന്യസിച്ചിരുന്നത്.
സ്‌പെയിനില്‍ 2500ഓളം പേരാണ് പുവേര്‍ട്ട ഡി സോള്‍ പ്ലാസയില്‍ ഇസ്രാഈലിനെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. ഇത് യുദ്ധമല്ല, കൂട്ടക്കൊലയാണ് എന്ന മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു റാലി.
നിരവധി വരുന്ന ലെബനന്‍ പൗരന്മാരും ഫലസ്തീന്‍ പൗരന്മാരും ലെബനന്‍-ഇസ്രാഈല്‍ അതിര്‍ത്തിയില്‍ പ്രതഷേധവുമായെത്തി.
ലണ്ടനിലും ജര്‍മനിയിലും സമാനമായ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലണ്ടനില്‍ ‘ഗാസയില്‍ ബോംബ് വര്‍ഷിക്കുന്നത് അവസാനിപ്പിക്കുക’, ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ ഇസ്രാഈല്‍ എംബസിക്ക് മുന്നില്‍ എത്തിച്ചേരുകയായിരുന്നു.
ലക്ഷക്കണക്കിന് ആളുകളാണ് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ ഒത്തു ചേര്‍ന്നത്.
ജര്‍മനിയില്‍ ബെര്‍ലിനിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ചുമായി എത്തിയത്. ആയിരക്കണക്കിനാളുകളാണ് ഇസ്രാഈലിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 39 കുട്ടികളടക്കം 140ഓളം പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.