| Saturday, 29th March 2014, 8:46 am

തേജ്പാലിനെതിരായ സഹപ്രവര്‍ത്തകയുടെ മൊഴിയും സി.സി.ടി.വി ദൃശ്യവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: ലൈംഗികാരോപണ വിധേയനായി ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് അനുകൂലമാവുന്ന തെളിവുകളുടെ വെളിപ്പെടുത്തലുമായി ഔട്ട്‌ലുക് മാസികയിലെ ലേഖനം. നോവലിസ്റ്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മനു ജോസഫിന്റെ ലേഖനത്തിലാണ് തേജ്പാലിന് ആശ്വാസമായേക്കാവുന്ന വെളിപ്പെടുത്തല്‍.

തേജ്പാലിന്റെ സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് മനു ജോസഫ് തന്റെ ലേഖനത്തില്‍ പറയുന്നത്. തെഹല്‍കയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യം ഗോവയില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഹോട്ടലില്‍ വെച്ച് തേജ്പാല്‍ തന്നെ ലൈംഗികമായി അപമാനിച്ചുവെന്നാണ് തെഹല്‍കയിലെ ജൂനിയര്‍ പത്രപ്രവര്‍ത്തക നല്‍കിയിരുന്ന പരാതി. എന്നാല്‍ ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങള്‍ മൊഴിയില്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് മനു ജോസഫിന്റെ ലേഖനത്തില്‍ പറയുന്നത്.

തന്നെ തേജ്പാല്‍ ലിഫ്റ്റിനകത്തേക്ക് ബലംപ്രയോഗിച്ച് വലിച്ചുകയറ്റിയെന്നാണ് യുവതി ആരോപിച്ചിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യപ്രകാരം അവര്‍ ലിഫ്റ്റിലേക്ക് ഓടിക്കയറുകയാണ്. ലിഫ്റ്റില്‍നിന്ന് തിരക്കിട്ട് ഓടിയിറങ്ങിയെന്ന മൊഴിയും ദൃശ്യവും തമ്മിലും വൈരുധ്യമുണ്ട്. എന്നാല്‍ അതിക്രമം സൃഷ്ടിച്ച പരിഭ്രാന്തിയും രണ്ടു രാത്രികളില്‍ നടന്ന സംഭവങ്ങള്‍ കൂടിക്കുഴഞ്ഞ് ഓര്‍മിച്ചതും കൊണ്ടുള്ള വൈരുധ്യമാണിതെന്നാണ് യുവതിയുടെ അഭിഭാഷകര്‍ നല്‍കിയ വിശദീകരണം.

തേജ്പാല്‍ കുടുംബം സി.സി.ടി.വി ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിക്കുന്നതായി യുവതി ഏതാനും ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു. നവംബര്‍ 30 മുതല്‍ ഗോവയിലെ സദാ സബ്ജയിലില്‍ കഴിയുന്ന തേജ്പാല്‍ രോഗശയ്യയിലുള്ള അമ്മയെ കാണാന്‍ അനുമതിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 2013 നവംബര്‍ 30 ന് അറസ്റ്റ് ചെയ്യപ്പെട്ട തേജ്പാല്‍ ഇപ്പോള്‍ ഗോവയില്‍ വാസ്‌കോയിലെ സദാ സബ് ജയിലിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more