| Thursday, 12th March 2020, 2:36 pm

'പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് ,നിങ്ങളുടെ വാക്ക് ഇവിടെ ആരും വിശ്വസിച്ചിട്ടില്ല' അമിത് ഷായ്‌ക്കെതിരെ നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് എന്‍.സി.പി നേതാവ് നവാബ് മാലിക്. അമിത് ഷായുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും ദല്‍ഹി കലാപം സംബന്ധിച്ച് അമിത് ഷാ നല്‍കിയ വിശദീകരണം ആരും വിശ്വസിച്ചിട്ടില്ലെന്നും മാലിക് പറഞ്ഞു.

” അമിത് ഷാ പറഞ്ഞു ദല്‍ഹി കലാപത്തില്‍ മരിച്ചത് ഹിന്ദുക്കളോ മുസ്‌ലിങ്ങളോ അല്ല ഇന്ത്യക്കാരാണെന്ന്. എന്താണ് അദ്ദേഹം പറയുന്നത്, എന്താണ് പ്രവര്‍ത്തിക്കുന്നത്, പറയുന്നതില്‍ പൊരുത്തക്കേടുണ്ട്. എല്ലാ ബി.ജെ.പി നേതാക്കന്മാരും ഇങ്ങനെയാണ്, ഒന്ന് പറയും മറ്റൊന്ന് പ്രവര്‍ത്തിക്കും. ജനങ്ങള്‍ കൊല്ലപ്പെട്ടു, അമ്പലങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

72 മണിക്കൂര്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നു പറയുന്ന അമിത് ഷാ എന്തുകൊണ്ട് മൂന്ന് ദിവസം മൗനം പാലിച്ചു എന്നതിന്റെ കാരണം പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.

” സ്ഥിതിഗതികള്‍ 72 മണിക്കൂര്‍കൊണ്ട് പരിഹരിച്ചു എന്ന് അമിത് ഷാ പറഞ്ഞു. അപ്പോള്‍ മൂന്ന് ദിവസത്തെ മൗനം എന്തുകൊണ്ടായിരുന്നു. എന്തുകൊണ്ടാണ് പൊലീസ് നടപടി എടുക്കാതിരുന്നത്? ട്രംപ് വന്നത് കൊണ്ട് തിരിക്കിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആഭ്യന്തരമന്ത്രി എന്നു പറയുന്നത് അവരുടെ നിയോജകമണ്ഡലത്തിന് വേണ്ടിമാത്രമല്ല രാജ്യത്തിന് വേണ്ടിയാണ്. പുറത്ത് നിന്നുള്ള ആള്‍ക്കാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഇത് ആസൂത്രിത പദ്ധതിയുടെ ഭാഗമല്ലേ. ഇത് ഗുജറാത്ത് മോഡല്‍ ആണ്. അദ്ദേഹത്തിന്റെ വാക്ക് ഇവിടെ ആരും വിശ്വസിച്ചിട്ടില്ല” മാലിക് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി കലാപത്തില്‍ പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. 36മണിക്കൂര്‍ കൊണ്ട് 20 ലക്ഷം ജനസംഖ്യയുള്ള പ്രശ്നബാധിത പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ദല്‍ഹി പൊലീസിന് സാധിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ലോക്സഭയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കലാപസമയത്ത് ആക്രമണം നടത്തിയവര്‍ക്കെതിരെ 700 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more