|

വിന്‍സന്റിന്റെ ഭാര്‍ഗവി നിലയവും ആഷിഖ് അബുവിന്റെ നീലവെളിച്ചവും; ഒരു അവലോകനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ നീലവെളിച്ചം ഏപ്രില്‍ 20നാണ് റിലീസ് ചെയ്തത്. 59 വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നീലവെളിച്ചം എന്ന തിരക്കഥയെ ആധാരമാക്കിയാണ് നീലവെളിച്ചം ഒരുക്കിയത്.

ഇതേ തിരക്കഥയില്‍ ഭാര്‍ഗവി നിലയം എന്ന ക്ലാസിക് ചിത്രം ഇതിന് മുമ്പ് എ. വിന്‍സെന്റിന്റെ സംവിധാനത്തില്‍ പുറത്ത് വന്നിരുന്നു. നീലവെളിച്ചം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ഭാര്‍ഗവി നിലയവുമായുള്ള താരതമ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. ഭാര്‍ഗവി നിലയം മലയാള സിനിമയിലുണ്ടാക്കിയ സ്വാധീനം എടുത്ത് പറയേണ്ട ആവശ്യമില്ല. മിക്കവാറും മലയാളികളൊക്കെ കണ്ട ചിത്രമാണ് ഭാര്‍ഗവി നിലയം.

ഇത്ര പ്രശസ്തമായ ഒരു ഉദാഹരണം മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു വേര്‍ഷന്‍ എടുക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ പണിയാണ്. തിരക്കഥ ഒന്നാണെങ്കിലും ഭാര്‍ഗവി നിലയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നീലവെളിച്ചം.

വിജയ നിര്‍മലയേയോ മധുവിനേയോ നസീറിനേയോ അനുകരിക്കാനല്ല, മറിച്ച് റിമ കല്ലിങ്കലും ടൊവിനോയും റോഷന്‍ മാത്യുവും ഒപ്പം അണിയറ പ്രവര്‍ത്തകരും സ്വന്തം നിലയില്‍ ഒരു വേര്‍ഷന്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.

മധുവിന്റെയും ടൊവിനോയുടെയും ബഷീറിലേക്ക് തന്നെ ആദ്യം വരാം. ഭാര്‍ഗവി നിലയലത്തിലെ മധുവിന്റെ സാഹിത്യകാരന്‍ കുറച്ചുകൂടി ഊര്‍ജസ്വലനാണ്. കഥയെഴുത്തിനായാണ് അയാള്‍ ഭാര്‍ഗവി നിലയത്തിലേക്ക് വരുന്നത്. എന്നാല്‍ നീലവെളിച്ചത്തിലെ സാഹിത്യകാരനില്‍ ഒരു വിഷാദഭാവത്തോടെയുള്ള ശാന്തതയാണ് കാണുന്നത്. ഇവിടെ ഒരു നഷ്ട പ്രണയം കൂടി സാഹിത്യകാരനുണ്ട്.

ബഷീറിന്റെ തന്നെ മറ്റൊരു കൃതിയായ അനുരാഗത്തിന്റെ ദിനങ്ങളിലെ നായകന്റെ നഷ്ടപ്രണയത്തെ നീലവെളിച്ചത്തിലെ സാഹിത്യകാരനുമായി ചിത്രം കണക്ട് ചെയ്യുന്നുണ്ട്. അതിലെ സരസ്വതി ദേവിയുടെ പേരും നീലവെളിച്ചത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാര്‍ഗവിയേയും സാഹിത്യകാരനേയും കൂട്ടിയോജിപ്പിച്ച ഒരു പ്രധാന ഘടകം ഈ നഷ്ടടപ്രണയമാണ്. ഇരുവരും അനുഭവിക്കുന്ന വേദന പരസ്പരം മനസിലാക്കാനും ആ ഏകാന്തതയില്‍ താങ്ങാവാനും സാഹിത്യകാരനും ഭാര്‍ഗവിക്കും പറ്റുന്നുണ്ട്. ചില സ്ഥലങ്ങളില്‍ വരുന്ന കൃത്രിമത്വം ഒഴിവാക്കിയാല്‍ തന്റേതായ ഒരു ബഷീറിയന്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ ടൊവിനോയ്ക്ക് സാധിച്ചു.

ഭാര്‍ഗവി നിലയിലത്തിലെ ഭാര്‍ഗവിയുടെയും ശശികുമാറിന്റേയും പ്രണയം നീലവെളിച്ചത്തിനേതിനെക്കാള്‍ ദൈര്‍ഘ്യമേറിയതാണ്. അതില്‍ കുസൃതികളും കുറുമ്പുകളും അല്പം പഞ്ചാരയടിയുമൊക്കെയുണ്ട്. പഴയ മരംചുറ്റി പ്രണയം തന്നെ. ബ്ലാക്ക് ആന്‍ഡ് വൈറ്റാണെങ്കിലും ‘കളര്‍ഫുള്ളാണ്’ നസീറും വിജയ നിര്‍മലയും അവതരിപ്പിച്ച ഭാര്‍ഗവി- ശശികുമാര്‍ പ്രണയം. ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ നീലവെളിച്ചത്തിലെ പ്രണയം കുറച്ച് കൂടി പക്വമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ കുറച്ച് സമയം മാത്രമാണ് ഈ പ്രണയത്തിന്റെ സമയം. തന്നെയുമല്ല നീലവെളിച്ചത്തിലെ ശശികുമാര്‍ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് പിടിയില്‍ നിന്നും ഒളിച്ചു താമസിക്കാന്‍ കൂടിയാണ് സ്ഥലത്തെത്തുന്നത്.

പ്രകടനത്തിലും കണ്ടന്റിലും ഭാര്‍ഗവി നിലയം മികച്ച് നില്‍ക്കുമ്പോള്‍ ടെക്നിക്കല്‍ സൈഡിലാണ് നീലവെളിച്ചം സ്‌കോര്‍ ചെയ്തത്. പ്രത്യേകിച്ചും ആഷിഖ് അബുവിന്റെ ചിത്രത്തിലെ ഭാര്‍ഗവി നിലയത്തില്‍ നീലവെളിച്ചം നിറഞ്ഞുനില്‍ക്കുന്ന രംഗം ഭ്രമിപ്പിക്കുന്നതായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ നീലവെളിച്ചം കാണിക്കാനാവാതെ പോയതിന്റെ പരിമിതി മനോഹരമായാണ് നീലവെളിച്ചത്തില്‍ ആഷിഖ് അബു നികത്തിയിരിക്കുന്നത്.

Content Highlight: difference between neelavelicham and bhargavinilayam