ലിജോ ജോസ് പെല്ലിശ്ശേരിയും താനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ. താൻ സിനിമകൾ മാസാക്കാനും ലിജോ ക്ലാസാക്കാനുമാണ് നോക്കാറുള്ളതെന്ന് ടിനു പറയുന്നുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലെ ഒരു സീൻ വേണമോയെന്ന് ലിജോ തന്നോട് ചോദിച്ചിരുന്നെന്നും എന്നാൽ അതവിടെ വേണമെന്നായിരുന്നു തന്റെ മറുപടിയെന്നും ടിനു പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ കുറച്ച് മാസാക്കാൻ നോക്കും, പുള്ളി കുറച്ച് ക്ലാസ്സ് ആക്കാൻ നോക്കും. അതാണ് ഞാനും ചേട്ടനും തമ്മിലുള്ള വ്യത്യാസം. സ്വാതന്ത്ര്യം സിനിമയിൽ ആന്റണി ഒരാളെ തല വെച്ച് പോസ്റ്റിൽ ഇടിക്കുന്ന ഒരു സീൻ ഉണ്ട്, അത് വേണോ എന്ന് ചോദിച്ചിരുന്നു. അതെന്തായാലും അവിടെ ഇരുന്നോട്ടെ എന്ന് ഞാൻ പറഞ്ഞു. പക്ഷേ അതിന് തിയേറ്ററിൽ കയ്യടി ഉണ്ടായിരുന്നു. പക്ഷേ പുള്ളി അതിനെ കാണുന്നത് കുറച്ച് ക്ലാസ്സ് ആയിട്ടാണ്. നമ്മൾ അതിലേക്ക് എത്തിയിട്ടില്ല,’ ടിനു പാപ്പച്ചൻ പറഞ്ഞു.
താനും ലിജോ പെല്ലിശ്ശേരിയുമൊത്തുള്ള യാത്രകളെക്കുറിച്ചും അതിലെ രസകരമായ നിമിഷങ്ങളെക്കുറിച്ചും ടിനു അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. ലിജോയും താനും ഭക്ഷണ പ്രിയരാണെന്നും അത് അന്വേഷിച്ചാണ് തങ്ങൾ യാത്ര ചെയ്യാറുള്ളതെന്നും ടിനു കൂട്ടിച്ചേർത്തു. യാത്രയിൽ താൻ കാണാത്ത മ്യൂസിക്കും സിനിമയും അദ്ദേഹം തനിക്ക് കാണിച്ചു തരാറുണ്ടെന്നും ടിനു പറയുന്നുണ്ട്.
‘ഞാനും പുള്ളിയും നന്നായിട്ട് ഫുഡ് ഇഷ്ടപ്പെടുന്ന ആളുകളാണ്. അത് അന്വേഷിച്ചായിരിക്കും കൂടുതൽ യാത്ര ചെയ്യുക. എവിടെയെങ്കിലും പോകും അവിടെ ഇരിക്കും. ഇരിക്കുമ്പോൾ അധികവും സിനിമ അല്ലെങ്കിൽ മ്യൂസിക് ഇടും. അത് കേൾക്കും, അത് കാണും. അതാണ് അതിൽ ഏറ്റവും വലിയ ഹൈലൈറ്റ്. അതുപോലെ നമുക്ക് പഠിക്കാനുള്ള ഒരു അവസരവും അതാണ്.
മ്യൂസിക്കും സിനിമയും യാത്രയിൽ വന്നു കൊണ്ടേയിരിക്കും. അത് എനിക്ക് ഇഷ്ടമാണ്. നമ്മൾ കാണാത്ത സിനിമ, നമ്മൾ കേൾക്കാത്ത മ്യൂസിക്ക് അതൊക്കെ കാണാനും കേൾക്കാനും നല്ല എക്സൈറ്റ്മെന്റാണ്. അതൊക്കെ കാണാനുള്ള ഒരു അവസരമാണ്. പുള്ളി പടം കാണാൻ സജസ്റ്റ് ചെയ്യാറില്ല പകരം റൂമിൽ പിടിച്ചിരുത്തും. ഇവിടെയിരുന്ന് കണ്ടുകൊള്ളാൻ പറയും. പടം ഇട്ടു തന്നിട്ട് പുള്ളി പോകും.
സിനിമയെപ്പറ്റി മാത്രമാണ് പുള്ളി സംസാരിക്കുക, വേറെ ഒന്നിനെ പറ്റിയും സംസാരിക്കുകയില്ല. 24 മണിക്കൂറും പുള്ളി സിനിമയെ കുറിച്ചാണ് സംസാരിക്കുക. അത്രയും പാഷനേറ്റ് ആയിട്ടുള്ള ഒരാളെ കാണാൻ പറ്റില്ല,’ ടിനു പാപ്പച്ചൻ പറഞ്ഞു.
Content Highlight: Difference between Lijo jose pellissery and Tinu pappachan