സഞ്ജുവും ഹര്‍ദിക്കും ഇന്‍, 11 സൂപ്പര്‍ താരങ്ങള്‍ ഔട്ട്; വരുത്തിയത് വമ്പന്‍ മാറ്റങ്ങള്‍, ആ പഴയ സ്‌ക്വാഡ് ഇങ്ങനെ
Sports News
സഞ്ജുവും ഹര്‍ദിക്കും ഇന്‍, 11 സൂപ്പര്‍ താരങ്ങള്‍ ഔട്ട്; വരുത്തിയത് വമ്പന്‍ മാറ്റങ്ങള്‍, ആ പഴയ സ്‌ക്വാഡ് ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th November 2024, 12:18 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് സൂര്യകുമാറും സംഘവും പ്രോട്ടിയാസിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്. ടി-20 ലോകകപ്പ് ഫൈനലിന്റെ റീ മാച്ചിന് കൂടിയാണ് ഈ പരമ്പര സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയില്‍ നിന്നും ഒരുപാട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇത്തവണ പര്യടനത്തിനെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന് ഫോര്‍മാറ്റ് പരമ്പരകളും സൗത്ത് ആഫ്രിക്കയിലെത്തി കളിച്ചിരുന്നു. ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1ന് സമനിലയില്‍ കലാശിച്ചു. മൂന്ന് മാച്ചിന്റെ ടി-20 പരമ്പരയും 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മറ്റ് മത്സരങ്ങളില്‍ ഇരുവരും ഓരോന്ന് വീതം വിജയിച്ചു.

കഴിഞ്ഞ തവണയും സൂര്യ തന്നെയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. രോഹിത് ശര്‍മയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അഭാവത്തില്‍ ഇടക്കാല ക്യാപ്റ്റനായാണ് സ്‌കൈ ഇന്ത്യയെ നയിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം സ്ഥിരം നായകനായാണ് സ്‌കൈ പരമ്പരയുടെ ഭാഗമാകുന്നത്.

സൂര്യയുടെ കാര്യത്തില്‍ മാത്രമല്ല, സ്‌ക്വാഡിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഏകദിന സ്‌ക്വാഡിന്റെ ഭാഗമാവുകയും ടി-20 ടീമില്‍ ഇടമില്ലാതിരിക്കുകയും ചെയ്ത സഞ്ജു സാംസണ്‍ ഇത്തവണ ടീമിന്റെ ഓപ്പണറാണ്. പരിക്ക് മൂലം ടീമിന്റെ ഭാഗമല്ലാതിരുന്ന ഹര്‍ദിക്കും ഇത്തവണ ടി-20 സ്‌ക്വാഡിന്റെ ഭാഗമാണ്.

ഇന്ത്യയുടെ മറ്റ് പരമ്പരകള്‍ കാരണമാണ് ടി-20 സ്‌ക്വാഡില്‍ ഇത്രത്തോളം മാറ്റങ്ങള്‍ വന്നത്.

യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമാണ്. രവീന്ദ്ര ജഡേജയാകട്ടെ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തായതിന് പിന്നാലെ ആഭ്യന്തര മത്സരങ്ങളുടെ തിരക്കിലാണ്. ഋതുരാജ് ഗെയ്ക്വാദാകട്ടെ ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിലുമാണ്.

കഴിഞ്ഞ തവണ ടീമിനൊപ്പമുണ്ടായിരുന്ന മുകേഷ് കുമാറും ഇന്ത്യ എ ടീമിനൊപ്പമാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ട്രാവലിങ് റിസര്‍വായും താരം ഇടം നേടിയിട്ടുണ്ട്.

കുല്‍ദീപ് യാദവാണ് ഇത്തവണ ടീമിന്റെ ഭാഗമല്ലാത്ത പ്രധാന താരങ്ങളിലൊരാള്‍. പരിക്കിന് പിന്നാലെ എന്‍.സി.എയില്‍ കഴിയുന്ന താരത്തിന് ബി.ജി.ടിയും നഷ്ടപ്പെട്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കന്‍ പര്യടനം വരുണ്‍ ചക്രവര്‍ത്തിയുടെ അന്താരാഷ്ട്ര തിരിച്ചുവരവിന് കൂടിയാണ് വഴിയൊരുക്കുന്നത്. ആവേശ് ഖാനും ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഒപ്പം വൈശാഖ് വിജയ്കുമാര്‍ അടക്കമുള്ളവരുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനും പരമ്പര വഴിയൊരുക്കും.

2023ല്‍ നിന്നും 2024ലേക്ക് വന്നപ്പോഴുള്ള മാറ്റങ്ങള്‍

IN: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ആവേശ് ഖാന്‍, യാഷ് ദയാല്‍, വൈശാഖ് വിജയ്കുമാര്‍.

OUT: ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, യശസ്വി ജെയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍

India Tour Of South Africa 2024

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, ആവേശ് ഖാന്‍, യാഷ് ദയാല്‍.

India Tour Of South Africa 2023

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, യശസ്വി ജെയ്സ്വാള്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, രവീന്ദ്ര ജഡേജ, തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്.

 

Content highlight: Difference between India’s 2023 and 2024 South Africa tour