| Sunday, 18th June 2023, 3:24 pm

ഇന്ത്യയില്‍ നിന്നും ലങ്കയിലെത്തിയപ്പോള്‍ ലോകം മാറിയ ടൈംട്രാവല്‍ കഥ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ്, കൃതി സനണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം വളരെയേറെ മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്. പ്രധാനമായും ലങ്കക്കും രാവണനും വരുത്തിയ മാറ്റങ്ങള്‍ കണ്ട് പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുവെന്ന് വേണം പറയാന്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ സുഖസൗകര്യങ്ങളോടു കൂടിയ മോഡേണ്‍ രാവണനാണ് ആദിപുരുഷിലേത്.

ജെല്ലുപയോഗിച്ച് മുകളിലേക്ക് പൊക്കി വെച്ച മുടി, നീട്ടിയ താടി, സുറുമയെഴുതിയ കണ്ണുകള്‍, ആധുനിക സമൂഹത്തില്‍ മാത്രം കണ്ടിട്ടുള്ള ടീ ഷര്‍ട്ടുള്‍പ്പെടെയുള്ള വേഷവിധാനങ്ങള്‍, ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ ഉപയോഗിക്കുന്ന ബെല്‍റ്റ് എന്നിങ്ങനെ മോഡേണ്‍ യുവാക്കളോട് കിടപിടിക്കുന്നതാണ് രാവണന്റെ വേഷഭൂഷണങ്ങള്‍. മകന്‍ ഇന്ദ്രജിത്താവട്ടെ ശരീരമാസകലം ടാറ്റൂ ചെയ്തിട്ടുണ്ട്.

ബുര്‍ജ് ഖലീഫക്ക് സമാനമായ കെട്ടിടങ്ങളാണ് രാവണന്‍ ലങ്കയില്‍ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആയുധ ശാലയും ഫേസ് മാസ്‌കും മസാജ് സെന്ററും മസാജ് ചെയ്യാന്‍ അനാക്കൊണ്ടകളുമുണ്ട്. ആകെപ്പാടെ പുഷ്പക വിമാനത്തിന് പകരം കൊണ്ടുവന്ന വവ്വാല്‍ പോലെയുള്ള ജീവി മാത്രമാണ് രാവണന്റെ കൊട്ടാരത്തില്‍ പ്രാകൃതമെന്ന് തോന്നിക്കുന്നത്. അതിനെ ലാന്‍ഡ് ചെയ്യിക്കാന്‍ വിമാനത്താവളങ്ങളുടേതിന് സമാനമായ റണ്‍വേയും ലങ്കയിലുണ്ട്.

സെക്കന്റ് ഹാഫിന്റെ തുടക്കത്തില്‍ അയോധ്യയിലെ കൊട്ടാരം കാണിക്കുന്നുണ്ടെങ്കിലും ഭീമാകാരമെന്നതിനപ്പുറം ലങ്കയിലേത് പോലെ സ്‌റ്റൈലൈസ്ഡായതോ സൗകര്യങ്ങളുള്ളതോ അല്ല.

ഒരേ കാലഘട്ടത്തില്‍ അടുത്തടുത്ത് കിടക്കുന്ന രണ്ട് രാജ്യങ്ങളിലെ നിര്‍മിതികളും ജീവിത പരിസരവും തമ്മില്‍ ഇത്രത്തോളം വ്യത്യാസം വരുന്നത് എങ്ങനെയാവും? രാമായണത്തില്‍ ദിവസങ്ങള്‍ മാത്രമെടുത്താണ് രാമന്‍ ലങ്കയിലെത്തുന്നതെങ്കില്‍ ആദിപുരുഷില്‍ അത് വര്‍ഷങ്ങളോ ചിലപ്പോള്‍ ഒരു ടൈം ട്രാവല്‍ തന്നെയോ എടുത്തിട്ടാവാം. രാമന്‍ ലങ്കയിലെത്തിയപ്പോഴേക്കും ആധുനിക ലോകത്തിലേക്ക് സമൂഹം മാറിയിട്ടുണ്ടാവാം.

Content Highlight: difference between india and lanka in adipurush

We use cookies to give you the best possible experience. Learn more