ജീത്തു ജോസഫ് എന്ന സംവിധായകൻ എന്നും ഓർക്കപ്പെടാൻ പോകുന്നത് ദൃശ്യം എന്ന സിനിമയിലൂടെ തന്നെയാണ്. കാരണം ഒരു സാധാരണ സിനിമയായി കേരള ബോക്സ് ഓഫീസിലേക്ക് എത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.
ഒരു കുടുംബചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രം പിന്നീട് വാഴ്ത്തപ്പെട്ടത് മലയാളത്തിലെ എക്കാലത്തെ മികച്ച ക്രൈം ത്രില്ലർ ചിത്രം എന്ന നിലയിലായിരുന്നു. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ദൃശ്യം അന്യഭാഷകളിലേക്കെല്ലാം പുനർനിർമിക്കപ്പെട്ടു.
ജീത്തു ജോസഫ് എന്ന സംവിധായകനെക്കാൾ തിരക്കഥാകൃത്ത് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമയെ പിടിച്ചു നിർത്തുന്നത്. ഇതേ കൂട്ടുകെട്ടിൽ തന്നെ ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന നേരിലും അത് തന്നെയാണ് ആവർത്തിക്കുന്നത്.
പത്തു വർഷങ്ങൾക്കിപ്പുറം നേരുമായി മോഹൻലാലും ജീത്തുവും വീണ്ടും എത്തുമ്പോഴും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദൃശ്യത്തെ വെല്ലുന്ന ഒരു ചിത്രത്തിന് തന്നെയായിരുന്നു. എന്നാൽ ദൃശ്യത്തിൽ നിന്ന് നേരിലേക്ക് വരുമ്പോൾ ഒരു തിരക്കഥാകൃത്ത് എന്നതിലുപരി ജീത്തു ജോസഫ് എന്ന വ്യക്തിക്ക് ഉണ്ടായ മാറ്റങ്ങൾ നേരിൽ പ്രതിഫലിക്കുന്ന പോലെ തോന്നുന്നുണ്ട്.
ദൃശ്യത്തെ തന്നെ എടുക്കാം. അത് തീർത്തും ജോർജുകുട്ടിയുടെ കഥയാണ്. ഹീറോയിസം ഇല്ലാത്ത എന്നാൽ ഹീറോയിക് ആയ ഒരു നായകനാണ് അയാൾ. തന്റെ കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോവാൻ ശപഥം എടുത്തവൻ. പ്രതീക്ഷിക്കാതെ തന്റെ കുടുംബത്തിലേക്ക് വരുന്ന അതിഥിയെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ ശേഷം അത് മറച്ചു വെക്കുന്നതിന് ആയിരുന്നു ജോർജുകുട്ടി ശ്രമിച്ചത്. ജീത്തു ജോസഫും അത് തന്നെയായിരുന്നു ഉദ്ദേശിച്ചത്.
എന്നാൽ സിനിമ കണ്ട ചില പ്രേക്ഷകരും സിനിമ ഒരുക്കിയവരും പറയാതെ പോയൊരു കാര്യമുണ്ടായിരുന്നു. ആക്രമണം നേരിട്ട പെൺകുട്ടിയുടെ മാനസികാവവസ്ഥ. ദൃശ്യത്തിലുടനീളം ജോർജുകുട്ടി നിറഞ്ഞുനിൽക്കുകയാണ്. വരുൺ പ്രഭാകർ വന്ന് തന്റെ മകളെയും ഭാര്യയേയും ആക്രമിച്ചപ്പോഴും മകളുടെ നഗ്നത പകർത്തിയപ്പോഴും സീനിൽ ഇല്ലാത്ത ജോർജുകുട്ടി പിന്നീട് വരുണിന്റെ മരണശേഷം അത് മൂടിവെക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്.
കുടുംബത്തോട് ഏറ്റവും സ്നേഹമുള്ള സ്വന്തം ജീവനായി കരുതുന്ന ആ അച്ഛൻ സ്വരക്ഷാർത്ഥം തന്റെ മകൾ ചെയ്ത തെറ്റിൽ നിന്ന് അവളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അതിനപ്പുറത്തേക്ക് അയാൾ മകളെ സംസാരിക്കാനും ഒന്നും തുറന്ന് പറയാനും അനുവദിക്കുന്നില്ല.
സ്കൂളിലെ ടീച്ചർമാരും പൊലീസും ചോദിച്ചാൽ എന്ത് പറയണമെന്നടക്കം ജോർജ്കുട്ടിയാണ് അവൾക്ക് പറഞ്ഞ് കൊടുക്കുന്നത്. അഞ്ചു എന്ന കഥാപാത്രത്തിന്റെ മാനസിക ബുദ്ധിമുട്ടുകളെ, അവൾക്ക് തുറന്ന് പറയാൻ ഉള്ള കാര്യങ്ങളെ, അവൾക്ക് മുന്നോട്ട് കൊണ്ട് പോവാൻ കഴിയുന്ന നിയമ പോരാട്ടങ്ങളെ കുറിച്ച് അഡ്രസ്സ് ചെയ്യാതെയാണ് ദൃശ്യം ഒരുക്കി വെച്ചിട്ടുള്ളത്.
കയ്യടി മുഴുവൻ ജോർജുകുട്ടിക്കാണ്. അവിടെ ഹീറോ അയാളാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോഴും എല്ലാ സംഭവങ്ങൾക്ക് ശേഷമുള്ള മകളുടെ മെന്റൽ ഷോക്കിൽ നിന്ന് രക്ഷനേടാൻ പെട്ടെന്നൊരു കല്യണം കഴിപ്പിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ ആ കുടുംബം എത്തുന്നുണ്ട്. മൂടി വച്ച ആ സത്യത്തെ ഒന്നൂകൂടെ ബലപ്പെടുത്തി തന്നെയാണ് അവിടെ സിനിമ അവസാനിച്ചത്.
Spoiler Alert
പക്ഷെ നേരിലേക്ക് എത്തുമ്പോൾ നേരായ വാതിൽ തുറക്കപ്പെടുന്ന കാഴ്ചയാണ്. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായിരിക്കും നേരെന്ന് ജീത്തു പറഞ്ഞിരുന്നു.
അത് പൂർണമായി ശരിവെക്കുന്നതായിരുന്നു സിനിമയിലെ താരങ്ങളുടെ പ്രകടനം. നേരിന്റെ നട്ടെല്ല് ചിത്രത്തിലെ നായിക തന്നെയാണ്. ജോർജ് കുട്ടിയെ പോലൊരു നായകൻ അല്ല സിനിമയിലെ വിജയ് മോഹൻ എന്ന മോഹൻലാൽ കഥാപാത്രം. ദൃശ്യവുമായി സാമ്യമുള്ള ഒരു കഥയെ പൂർണ്ണമായി കോടതിക്കുള്ളിൽ തളച്ചിടുകയാണ് ജിത്തു നേരിൽ ചെയ്യുന്നത്. ദൃശ്യത്തിൽ വരുൺ പ്രഭാകറിനെയും അവന്റെ സ്വാധീനങ്ങളെയും നേരിടാൻ ജോർജുകുട്ടി എന്ന വ്യക്തി ഒറ്റയാൾ പോരാട്ടം നടത്തുമ്പോൾ നേരിലേക്ക് വരുമ്പോൾ പ്രതീക്ഷിക്കാതെ വരുന്ന അതിഥിയെ അതിജീവിതയായ പെൺകുട്ടി തന്നെ എതിർത്ത് തോൽപിക്കാൻ ശ്രമിക്കുകയാണ്.
ജോർജുകുട്ടിയുടെ മകളെ പോലെ ഒരു സാധാരണ വീട്ടിലെ കുട്ടി തന്നെയാണ് നേരിലെ സാറയും. അന്ധ കൂടിയായ സാറ നടത്തുന്ന ചെറുത്തുനിൽപ്പും നിയമ പോരാട്ടങ്ങളുമാണ് നേരിന്റെ ഏറ്റവും വലിയ വിജയം. സാഹചര്യങ്ങൾ കാരണം കോടതി വിട്ടുനിൽക്കുന്ന നായകൻ പിന്നീട് വീണ്ടും കോട്ട് ഇടുന്നത് സാറയ്ക്ക് വേണ്ടിയാണ്.
താൻ കേസ് തോറ്റാലും ആ കുട്ടി ജയിക്കണം എന്ന മനോഭാവത്തോടെയാണ് അയാൾ നീതിന്യായ വ്യവസ്ഥയെ വിശ്വസിച്ചു കൊണ്ട് കോടതിയിലേക്ക് ഇറങ്ങുന്നത്. താൻ നേരിട്ട അക്രമണത്തെ പറ്റി തുറന്ന് സംസാരിക്കുമ്പോഴും അതിനായി ഏതറ്റം വരെ പോവാനും തയ്യാറാവുന്ന സാറ പലപ്പോഴും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നുണ്ട്. ജോർജ് കുട്ടിയുടെ മകൾക്ക് നൽകാത്ത ശബ്‌ദവും അഭിപ്രായങ്ങളും ബോധവുമെല്ലാം ജീത്തു തന്നെ തന്റെ സാറയ്ക്ക് നൽകുന്നു എന്നതാണ് ഏറ്റവും നല്ല വിപ്ലവകരമായ മാറ്റം.
സാറയായി ഗംഭീര പ്രകടനമാണ് നടി അനശ്വര രാജൻ കാഴ്ച വച്ചിരിക്കുന്നത്. കേസ് തോൽക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടും മുന്നോട്ട് തന്നെ കുതിക്കുകയാണ് സാറ. സാറയുടെ വാക്കുകൾക്ക് തിയേറ്ററിൽ നിറഞ്ഞ കയ്യടി കിട്ടുന്നതും അതുകൊണ്ടാണ്. ദൃശ്യത്തിലെ അഞ്ചുവിന് കഴിയാത്ത കാര്യമായിരുന്നു അത്. സിനിമയുടെ അവസാനം മുഖത്തെ മൂടുപടം അഴിച്ചു മാറ്റി സമൂഹത്തിന് മുന്നിലൂടെ തലയെടുപ്പോടെ സാറ നടന്ന് വരുന്നുണ്ട്.
തന്റെ ശരീരത്തിൽ ആര് തൊടണം, എന്താണ് കൺസേൺ എന്നെല്ലാം എതിർഭാഗം വക്കീലിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അവൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ഇത് ജീത്തുവിന്റെ നായിക തന്നെയാണോ? ഇതൊരു മോഹൻലാൽ സിനിമ തന്നെയാണോ?
കേസ് ജയിക്കാനായി ദ്വയാർത്ഥ പ്രയോഗങ്ങളടക്കം കേൾക്കേണ്ടി വരുമ്പോർ ഉറക്കെ തന്റെ നിലപാട് വിളിച്ചു പറയുന്നുണ്ടവൾ. അഞ്ചുവിനെ പോലെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ കരഞ്ഞു തളരാൻ സാറ തയ്യാറാവുന്നില്ല.
കാലം ഏതൊരാൾക്കും ഉണ്ടാക്കുന്ന മാറ്റങ്ങൾ ആവാം ജീത്തു ജോസഫിനെ കൊണ്ട് തന്നെ ഈ സിനിമ ഒരുക്കാൻ നിയോഗിച്ചത്. അതിൽ അഭിനയിച്ചതോ ജോർജ് കുട്ടിയായി വേഷമിട്ട മോഹൻലാൽ തന്നെ. സ്ത്രീ വിരുദ്ധ ഡയലോഗുകൾ പറഞ്ഞ് ഒരുക്കാലത്ത് കയ്യടി നേടിയ സൂപ്പർസ്റ്റാർ ഇന്നൊരു സ്ത്രീ പക്ഷ സിനിമയുടെ ഭാഗമാകുന്നിടത്താണ് മലയാള സിനിമയുടെ മാറ്റം നിഴലിക്കുന്നത്.
‘ കാലം മാറി സാർ പുതിയ പെൺകുട്ടികൾ വിളിച്ചു പറയും’ എന്ന് മോഹൻലാൽ കഥാപാത്രം സിനിമയിൽ വിളിച്ച് പറയുമ്പോൾ കേരളക്കര ഒന്നടങ്കം നിർത്താതെ കയ്യടിക്കുന്നതും ആ വലിയ മാറ്റം കാരണമാണ്.
Content Highlight: Difference Between Drishyam Movie And Neru Movie An Analysis