കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രകടന പത്രികകള്‍ തമ്മിലുള്ള വ്യത്യാസം പുറം ചട്ടയില്‍ തന്നെ പ്രകടം; 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പരാജയം അക്കമിട്ട് നിരത്തി കോണ്‍ഗ്രസ്
2019 loksabha elections
കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രകടന പത്രികകള്‍ തമ്മിലുള്ള വ്യത്യാസം പുറം ചട്ടയില്‍ തന്നെ പ്രകടം; 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പരാജയം അക്കമിട്ട് നിരത്തി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2019, 5:33 pm

ന്യൂദല്‍ഹി: 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ ജുംല മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രകടന പത്രികകള്‍ തമ്മിലുള്ള അന്തരം രണ്ടു മാനിഫെസ്‌റ്റോകളുടേയും പുറം ചട്ടയില്‍ നിന്നും വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി. മോദിയുടെ ചിത്രം മാത്രം നല്‍കി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയും ജനങ്ങള്‍ക്ക് പ്രാധിനിധ്യം നല്‍കി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയും ചൂണ്ടിക്കാട്ടിയായിരുന്നു പട്ടേലിന്റെ പരാമര്‍ശം.

‘ഒരു വശത്ത് നിങ്ങള്‍ക്ക് മോദിയുടെ താന്‍പോരിമ കാണാന്‍ കഴിയും. ഈ വ്യക്തിക്ക് രാജ്യവുമായോ, തന്റെ പാര്‍ട്ടിയുമായോ, എന്തിന് സ്വന്തം നേതാവുമായോ ഒരു ബന്ധവുമില്ല. മറു വശത്ത് നോക്കൂ. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളെക്കുറിച്ചാണ്’- പട്ടേല്‍ പറഞ്ഞു

ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കുന്നതിന് പകരം മാപ്പു എഴുതിക്കൊടുക്കുകയായിരുന്നു വേണ്ടതെന്നും അഹ്മദ് പട്ടേല്‍ പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മോദി ഒരിക്കലും പാലിക്കാറില്ലെന്നും, പകരം ചൗകിദാര്‍, ചായ് വാല, കാംദാര്‍ എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടുക മാത്രമേ ചെയ്യാറുള്ളുവെന്നും പട്ടേല്‍ പറഞ്ഞു.

ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ തൊഴിലില്ലായ്മയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ‘പ്രകടനപത്രികയില്‍ കയറ്റുമതിയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നിര്‍മ്മാണ് യൂണിറ്റുകളില്ലെങ്കില്‍ കയറ്റു മതി എങ്ങനെയാണ് സാധ്യമാവുക’- അദ്ദേഹം ചോദിച്ചു.

2014ല്‍ ബി.ജെ.പി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടാണ് അധികാരത്തിലേറിയതെന്നും, എന്നാല്‍ അത് പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഒരോ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ബി.ജെ.പി 4.70 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബി.ജെ.പി വാഗ്ദാനവും പരാജയപ്പെട്ടെന്ന് സുര്‍ജേവാല പറയുന്നു. നിലവില്‍ 81 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പൊതു കടം എന്നും, 2014ല്‍ അത് 54 ലക്ഷം കോടി രൂപ മാത്രമായിരുന്നെന്നും സര്‍ജേവാല ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയ ബി.ജെ.പി തന്നെ ഇന്ധനത്തിന് എക്‌സൈസ് ഡ്യൂട്ടി ചുമത്തി 12 ലക്ഷം കോടി രൂപ കൊള്ളയടിച്ചെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. നൂറു സ്മാര്‍ട്ട് സിറ്റികള്‍ വാഗ്ദാനം ചെയ്ത ബി.ജെ.പി അതില്‍ ഒന്നു പോലും നിര്‍മിച്ചില്ലെന്നും ഇന്ത്യന്‍ സൈന്യത്തെ മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 40 രൂപയിലെത്തിക്കുമെന്ന് പറഞ്ഞ മോദിയുടെ ഭരണകാലത്താണ് രൂപയുടെ മൂല്യം ഏറ്റവുമധികം ഇടിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗംഗാ ശൂചീകരണത്തിനായി നീക്കി വെച്ച ഫണ്ടിന്റെ 80 ശതമാനവും ഉപയോഗിച്ചില്ലെന്നും, ഗംഗ ഇന്നും മലിനമായി തുടരുകയാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.