ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വമ്പന്‍ നേട്ടങ്ങള്‍ക്കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറില്‍ 900 ഗോള്‍ പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.
നിലവില്‍ 907 ഗോളുകളാണ് താരം നേടിയത്. 900 ഗോള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്റെ അടുത്ത ലക്ഷ്യം 1000 ഗോള്‍ നേടുക എന്നാണെന്ന് റോണോ പറഞ്ഞിരുന്നു.
എന്നാല്‍ 1000 ഗോളുകള്‍ നേടാന്‍ താരത്തിന് സാധിക്കില്ല എന്ന് പറയുകയാണ് ലിവര്‍പൂള്‍ താരമായിരുന്ന ഡയറ്റ്മര്‍ ഹമാന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉടനെ തന്നെ വിരമിച്ചേക്കുമെന്നും 1000 ഗോള്‍ നേടിയാല്‍ അത് അത്ഭുതമാണെന്നും റൊണാള്‍ഡോക്ക് അത് സാധിക്കില്ലെന്നുമാണ് താരം പറഞ്ഞത്.
ലിവര്‍പൂള്‍ താരമായിരുന്ന ഡയറ്റ്മര്‍ ഹമാന്‍ പറഞ്ഞത്
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് തന്നെ മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് സ്‌കോട്ട്‌ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ അദ്ദേഹം മോശമായ രൂപത്തില്‍ റിയാക്ട് ചെയ്തത്.
അദ്ദേഹത്തിന്റെ ഈഗോയാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന ഒരു താരമാക്കി മാറ്റിയത്. എന്നാല്‍ പോര്‍ച്ചുഗലിന്റെ താല്‍പര്യങ്ങളെക്കാള്‍ കൂടുതല്‍ സ്വന്തം താല്പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ കിസ്റ്റ്യാനോ റൊണാള്‍ഡോ മുന്‍ഗണന നല്‍കുന്നത്.
നേഷന്‍സ് ലീഗില്‍ റൊണാള്‍ഡോ നാല് ഗോളുകള്‍ നേടി. പക്ഷേ അത് പോര്‍ച്ചുഗലിനെ മികച്ച ടീമാക്കി മാറ്റുന്നില്ല. റൊണാള്‍ഡോ ഇല്ലെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ കഴിയും. സ്വന്തം താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതെ ടീമിന്റെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ റൊണാള്‍ഡോ ഇനിയെങ്കിലും ശ്രമിക്കണം.
ക്രിസ്റ്റ്യാനോ 1000 ഗോളുകള്‍ പൂര്‍ത്തിയാക്കിയാല്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അത്ഭുതമായിരിക്കും. അതിലേക്ക് എത്താന്‍ അദ്ദേഹത്തിന് കഴിയും എന്ന് ഞാന്‍ കരുതുന്നില്ല,’ ഡയറ്റ്മര്‍ ഹമാന്‍ പറഞ്ഞു.
Content Highlight: Dietmar Hamann Talking About Cristiano Ronaldo