| Monday, 23rd May 2016, 9:12 pm

കേരളത്തിലും ഡീസല്‍വാഹന നിരോധനം; ആറ് കോര്‍പറേഷനുകളില്‍ ഇനി പുതിയ ഡീസല്‍ വാഹനങ്ങള്‍ പാടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി:  സംസ്ഥാനത്ത് ആറ് കോര്‍പറേഷനുകളില്‍ ഡീസല്‍ വാഹനനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റേതാണ് ഉത്തരവ്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലെ റോഡുകളില്‍ സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങള്‍ ഓരോ തവണയും 5,000 രൂപ വീതം പിഴ നല്‍കേണ്ടിവരുമെന്നും ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.

നിശ്ചയിച്ച സമയത്തിനുള്ളില്‍ ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാനും ഉത്തരവില്‍ പറയുന്നുണ്ട്. കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്.

ട്രാഫിക് പൊലീസോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ ആണ് പിഴ ഈടാക്കേണ്ടത്. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. പിഴ ഈടാക്കി കിട്ടുന്ന തുക പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദല്‍ഹി സര്‍ക്കാരും ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more