ന്യൂദല്‍ഹി: പെട്രോള്‍ വിലയുടെ വമ്പന്‍ വര്‍ദ്ധനയ്ക്ക് ശേഷം ഡീസല്‍വിലയും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യവാരം ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പെട്രോള്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് പറയുന്നത്.
പെട്രോള്‍ വിലയില്‍ എട്ടു രൂപയുടെ വര്‍ധന ആവശ്യപ്പെട്ട എണ്ണക്കമ്പനികളുടെ ആവശ്യം അതേപടി അംഗീകരിച്ചുകൊണ്ട് നികുതി ഉള്‍പ്പെടെ 7.54 രൂപ വരെയാണ് ചൊവ്വാഴ്ച എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് കൂട്ടിയത്.
പെട്രോളിന്റെ വില തീരുമാനിക്കാനുള്ള അധികാരം ലഭിച്ചശേഷം കമ്പനികള്‍, എല്ലാ മാസവും ഒന്ന്, 16 തീയതികളില്‍ വില പുനരവലോകനം ചെയ്യാറുണ്ട്. ക്രൂഡ് ഓയിലിന്റെ വില വ്യത്യാസമനുസരിച്ച് പെട്രോള്‍ വില കൂട്ടാനും കുറക്കാനും കമ്പനികള്‍ക്ക് തീരുമാനിക്കാം.
ഡീസല്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ ദിവസവും 512 കോടി രൂപ നഷ്ടപ്പെടുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ഈ സാഹചര്യത്തില്‍ ഡീസല്‍ വിലയിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. രൂപയുടെ മാര്‍ക്കറ്റിലെ മൂല്യം കൂടി കണക്കിലെടുത്താവും ഡീസല്‍ വിലയിലെ വര്‍ദ്ധനവ് കണക്കാക്കുക.