ന്യൂദല്‍ഹി: ഡീസല്‍ വില നിയന്ത്രണാധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മരന്തിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി എം.വീരപ്പമൊയ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.[]
കാലോചിതമായി എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍വില വര്‍ധിപ്പിക്കാമെന്ന് വീരപ്പ മൊയ്‌ലി അറിയിച്ചു. മാര്‍ക്കറ്റ് വില അനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വില തീരുമാനിക്കാം.
ഇതോടെ ഡീസലിനുള്ള വിലനിയന്ത്രണം നീക്കി. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരമനുസരിച്ചായിരിക്കും ഇനി രാജ്യത്തെ ഡീസല്‍ വിലയെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റയടിക്കു വില വര്‍ധിപ്പിക്കരുതെന്നും ചെറിയ നിരക്കുകളായി മാത്രമേ വില വര്‍ധിപ്പിക്കാവൂ എന്നും എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വീരപ്പ മൊയ്‌ലി പറഞ്ഞു. അതേസമയം ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ വില നിലവില്‍ വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010ലാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ഇതിനുശേഷം 19 തവണ കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ പെട്രോള്‍ വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
ഡീസലിന് ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് രൂപയുടെ വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഡീസലിന് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറ് എന്നതില്‍ നിന്ന് ഒന്‍പത് ആക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായും വീരപ്പ മൊയ്‌ലി പറഞ്ഞു. ഏപ്രില്‍ മുതല്‍ ഒന്‍പതു സിലിണ്ടറുകള്‍ ലഭിക്കും. പാചകവാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ വില വര്‍ധന ഉടനില്ല.
ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 6 ആക്കി വെട്ടിക്കുറച്ചത്. ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു.
തുടര്‍ന്ന് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പെട്രോളിയം മന്ത്രാലയം ധനവകുപ്പിന് സമര്‍പ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുമതി ലഭിച്ചതോടെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.