കോഴിക്കോട്: ഏലത്തൂരിലെ എച്ച്.പി.സി.എല്‍ പ്ലാന്റിൽ നിന്ന് ഡീസല്‍ ചോര്‍ച്ച. അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ഡീസല്‍ സമീപത്തെ ഓവുചാലിലേക്ക് ഒഴുകുകയാണ്.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സമീപത്തെ ഓടയിലൂടെ ഒഴുകിയെത്തിയ ഡീസല്‍ നാട്ടുകാര്‍ ചേര്‍ന്ന് ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയില്‍ നിന്നാണ് ഇന്ധന ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. നിലവില്‍ ഏഴ് ബാരലുകളില്‍ അധികം ഡീസല്‍ നാട്ടുകാര്‍ ചേര്‍ന്ന് ശേഖരിച്ചുവെന്നാണ് വിവരം. സ്ഥലത്ത് ഇതുവരെ ജാഗ്രത നിർദേശം നൽകിയിട്ടില്ലെന്നും വിവരമുണ്ട്.
എച്ച്.പി.സി.എല്ലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. എച്ച്.പി.സി.എല്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
ഓടയിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ ഒന്നായി ഒഴുക്കി കളയാന്‍ കഴിയില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചുവെന്നും എച്ച്.പി.സി.എല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ഫോഴ്സ് പറഞ്ഞതായും നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്.
Content Highlight: Diesel leaked from HPCL plant in Elathur kozhikode