മുബൈ: പെട്രോള്‍ തീര്‍ന്ന് ഒരിക്കലെങ്കിലും വഴിയില്‍ കുടുങ്ങിയവരാവും നമ്മളില്‍ പലരും. ഇനി എവിടെ വച്ച് ഇന്ധനം തീര്‍ന്നാലും പ്രശ്നമില്ല. ഒരൊറ്റ ഫോണ്‍ കോള്‍ മതി പെട്രോള്‍ പമ്പ് ഇനി നിങ്ങളെ തേടി അവിടെ വരും. സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ ആദ്യത്തെ പെട്രോള്‍ “ഹോം ഡെലിവറി” ആരംഭിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇത് വിജയിച്ചാല്‍ ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം.
പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ പെട്രോള്‍ ഡിസ്പെന്‍സര്‍ ഘടിപ്പിച്ചാണ് ഡെലിവറി സംവിധാനമെരുക്കിയത്. ആദ്യ ഘട്ടത്തില്‍ ഡീസല്‍ മാത്രമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും കൂടാതെ അടുത്തെന്നും പെട്രോള്‍ പമ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഈ സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കും.
“സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ എളുപ്പമായത് കൊണ്ട് ഡീസല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുന്നത്. ദീര്‍ഘദൂര വാഹനങ്ങള്‍ അധികവും ഡീസല്‍ ആണെന്നതും കാരണമാണ്. പിന്നീട് പെട്രോള്‍ കൂടെ ഉള്‍പ്പെടുത്തും. മെയ് മുതല്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും.” – ഐ.ഓ.സി ചെയര്‍മാന്‍ സഞ്ചീവ് സിംഗ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുറത്ത് വിട്ടിട്ടില്ല.