| Friday, 12th August 2022, 8:03 am

കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി; അനുവദിച്ച 20 കോടി അക്കൗണ്ടിലെത്തിയില്ല, മന്ത്രി യൂണിയനുകളുടെ യോഗം വിളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടില്‍ എത്തിയില്ലെന്ന് പരാതി. നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്.

അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ കെ.എസ്.ആര്‍.ടി.സി സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത് നിര്‍ത്തി.

നേരത്തെ 123 കോടി രൂപയുടെ സഹായ അഭ്യര്‍ത്ഥന കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് നല്‍കിയിരുന്നു, എന്നാലത് പിന്‍വലിച്ച് പുതിയ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 103 കോടി രൂപയുടെ പുതിയ അഭ്യര്‍ത്ഥനയാണ് സര്‍ക്കാരിന് മുന്നില്‍ വെച്ചത്. ഇതില്‍ 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനും മൂന്ന് കോടി രൂപ ഇതുവരെ എടുത്ത ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.

അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ യൂണിയനുകളുടെ യോഗം വിളിച്ചു.

ഈ മാസം 17 ന് നടക്കുന്ന യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും പങ്കെടുക്കും. ജൂലൈ മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

അതിനിടെ, ഓഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേരള ഹൈക്കോടതി നടത്തിയത്.

Content Highlight: Diesel crisis in KSRTC; minister called a meeting of the unions

We use cookies to give you the best possible experience. Learn more