15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകളെ നിരോധിക്കാന്‍ നീക്കം
Kerala News
15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകളെ നിരോധിക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 2:18 pm

തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.

15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്, സി.എന്‍.ജി, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്.

കേരളത്തിന്റെ ഇലക്ട്രിക് വാഹന നയമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറിയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കരുത്തിലും, സി.എന്‍.ജി, എല്‍.പി.ജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തിലെത്തിക്കാനും പദ്ധതിയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Diesel Autorikshaw Ban Kerala