[] കോലാപ്പൂര്‍: നഗരപ്രദേശത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിട്ടി(ആര്‍.ടി.എ) ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു. കോലാപ്പൂര്‍ കോര്‍പറേഷന്‍, ഇഞ്ചല്‍കരഞ്ചി നഗരസഭ പ്രദേശങ്ങളിലാണ് ഡീസല്‍ ഓട്ടോകള്‍ക്ക് വിലക്ക്. പെട്രോളിലും എല്‍.പി. ജിയിലും ഓടുന്ന ഓട്ടോറിക്ഷകളെ മാത്രമാണ് ഇനി ഈ പ്രദേശങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുക.
നഗരത്തില്‍ 1,000 പുതിയ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നയവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്ന് കോലാപ്പൂര്‍ ആര്‍.ടി.ഒ ലക്ഷ്മണ്‍ ദരാദെ വിശദീകരിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പും ആവശ്യങ്ങളും ഉന്നയിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷനല്‍ ആംബിയന്റ് എയര്‍ ക്വാളിറ്റി നിലവാരപ്രകാരം അന്തരീക്ഷത്തിലെ സസ്‌പെന്‍ഡഡ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍(എസ്.പി.എം) വിഹിതം ക്യുബിക് മീറ്ററില്‍ 150 മൈക്രോ ഗ്രാമില്‍ കൂടരുത്. റെസ്പയറബിള്‍ സസ്‌പെന്‍ഡഡ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍(ആര്‍.എസ്.പി.എം) പരിധിയാവട്ടെ ക്യുബിക് മീറ്ററില്‍ 80 മൈക്രോ ഗ്രാം ആണ്.
കോലാപ്പൂരില്‍ എല്‍.പി.ജി ലഭിക്കുന്നത് മൂന്നോ നാലോ പെട്രോള്‍ പമ്പുകളില്‍ മാത്രമാണെന്ന് കോമണ്‍ മാന്‍ ത്രീ ടയര്‍ വെഹിക്കിള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബ ഇന്ദുല്‍കര്‍ ആരോപിച്ചു. എല്‍.പി.ജി ലഭ്യത മെച്ചപ്പെടുത്തിയ ശേഷം തീരുമാനം നടപ്പാക്കിയാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍.ടി.എ തീരുമാനത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുമ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.