ഹാലണ്ടും മൊറാട്ടയും തുല്യര്‍; വിചിത്ര വാദവുമായി അത്‌ലെറ്റികോ മാഡ്രിഡ് കോച്ച്
Football
ഹാലണ്ടും മൊറാട്ടയും തുല്യര്‍; വിചിത്ര വാദവുമായി അത്‌ലെറ്റികോ മാഡ്രിഡ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 11:25 am

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടും അത്‌ലെറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെയും കളിക്കളത്തിലെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അത്‌ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണി.

ഹാലണ്ടും മൊറാട്ടയും തമ്മില്‍ താരതമ്യപ്പെടുത്തുകയും ഇരുതാരങ്ങളും തുല്യമാണെന്നുമാണ് സിമിയോണി പറഞ്ഞത്.

‘അല്‍വാരോ മൊറാറ്റ എര്‍ലിംങ് ഹാലാണ്ടിന് തുല്യമാണ്. മത്സരങ്ങളില്‍ നേടുന്ന ഗോളുകളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഹാലണ്ടിനെ മൊറാട്ടയുമായി താരതമ്യം ചെയ്യാം,’ മനു കരേനോയുടെ പോഡ്കാസ്റ്റായ എല്‍ ലാര്‍ഗ്യൂറോയില്‍ സിമിയോണി പറഞ്ഞു.

എന്നാല്‍ ഈ സീസണുകളിലെ കണക്കുകള്‍ എടുത്തു നോക്കിയാല്‍ മൊറാട്ടയേക്കാള്‍ എത്രയൊ മുന്നിലാണ് നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട്. ഹാലണ്ട് 18 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും നാല് അസിസ്റ്റുകളും നേടിയപ്പോള്‍ 15 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മൊറാട്ടയുടെ സമ്പാദ്യം.

ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ഏര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം ട്രബിള്‍ നേട്ടത്തില്‍ പങ്കാളിയാവാനും നോര്‍വീജിയന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.

ഇതോടൊപ്പം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള മത്സരത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെക്കാനും ഹാലണ്ടിന് സാധിച്ചു.

അതേസമയം സ്പാനിഷ് താരം അല്‍വാരോ മൊറാട്ട 2019ലാണ് അത്‌ലറ്റികോ മാഡ്രിഡില്‍ എത്തുന്നത്. ഇതിന് മുമ്പ് റയല്‍ മാഡ്രിഡ്, യുവന്റസ്, ചെല്‍സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബിനൊപ്പം 2020 ലാ ലിഗ വിജയത്തിലും മൊറാട്ട പങ്കാളിയായി.

Content Highlight: Diego Simeone campares Alvaro moratta like Erling haland.