| Wednesday, 28th June 2023, 3:58 pm

'ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങള്‍'; മെസി-മറഡോണ ഇതിഹാസങ്ങളില്‍ ഇഷ്ടതാരത്തെ കുറിച്ച് ഡീഗോ മിലിറ്റോ

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണ, ലയണല്‍ മെസി എന്നിവരെ കുറിച്ച് മുന്‍ ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കറും അര്‍ജന്റൈന്‍ താരവുമായ ഡീഗോ മിലിറ്റോ. ഇരുവരും ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണെന്നും രണ്ടുപേരില്‍ ഒരാളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റൈന്‍ മീഡിയയായ ആല്‍ബിസെലസ്റ്റ ടോക്കിനോടാണ് മിലിറ്റോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കുന്നതിന് തുല്യമാണിത്. രണ്ട് പേരെയും നമ്മള്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. രണ്ട് പേരും അര്‍ജന്റീനയില്‍ ജനിച്ചവരും ഫുട്‌ബോള്‍ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച താരങ്ങള്‍ എന്ന് പേരെടുത്തവരുമാണ്. അത് ഞങ്ങള്‍ അര്‍ജന്റീനക്കാര്‍ക്ക് വലിയ അഭിമാനം നല്‍കുന്ന കാര്യമാണ്,’ മിലിറ്റോ പറഞ്ഞു.

മെസിയും മറഡോണയും അര്‍ജന്റീനയെ ലോകകപ്പിലേക്ക് നയിച്ച താരങ്ങളാണ്. 2018ലെ റഷ്യന്‍ ലോകകപ്പിലെ കിരീട ജേതാക്കളായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന 2022ല്‍ ഖത്തറില്‍ നിന്നും വിശ്വകിരീടം ചൂടിയത്. ഇതോടെ 36 വര്‍ഷങ്ങള്‍ക്കൊടുവില്‍ 1986ല്‍ മറഡോണക്ക്‌ശേഷം മെസിയുടെ ചിറകിലേറി അര്‍ജന്റൈന്‍ ടീം ലോകകിരീടം ബ്യൂണസ് ഐറിസില്‍ എത്തിക്കുകയായിരുന്നു.

ലോകചാമ്പ്യന്മാരായി നാളുകള്‍ പിന്നിടുമ്പോള്‍ താന്‍ ദൈവത്തെ പോലെ കണ്ട ഡീഗോ മറഡോണയെ അനുസ്മരിക്കുകയാണ് മെസി. ഡീഗോ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എനിക്ക് ലോകകപ്പ് ട്രോഫി കൈമാറുമായിരുന്നെന്നും അങ്ങനെയൊരു ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്നും മെസി പറഞ്ഞിരുന്നു. അര്‍ജന്റീനിയന്‍ റേഡിയോ ഷോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസി മറഡോണയെ സ്മരിച്ചത്.

‘ഡീഗോയുടെ കൈകൊണ്ട് ലോകകപ്പ് നല്‍കിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം കാണാനും, അര്‍ജന്റീന ലോക ചാമ്പ്യന്മാരാകുന്നതിന് സാക്ഷ്യം വഹിക്കാനും ഡീഗോ വേണമായിരുന്നു. അത്രത്തോളം അദ്ദേഹം ദേശീയ ടീമിനെ സ്നേഹിച്ചിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മുകളില്‍ നിന്ന് ഡീഗോ ഞങ്ങളെ പുഷ് ചെയ്യുന്ന പോലെ എനിക്ക് തോന്നിയിരുന്നു,’ മെസി പറഞ്ഞു.

അന്താരാഷ്ട്ര ജേഴ്‌സിയില്‍ 90 മത്സരങ്ങളില്‍ നിന്ന് മറഡോണ 34 ഗോളുകള്‍ നേടിയപ്പോള്‍ 175 മത്സരങ്ങളില്‍ നിന്ന് 103 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Diego Milito talking about Lionel Messi and Diego Maradona

We use cookies to give you the best possible experience. Learn more