| Sunday, 7th January 2024, 9:56 am

മറഡോണ കുറ്റവിമുക്തൻ; നികുതി വെട്ടിപ്പ് കേസില്‍ 30 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കി. നീണ്ട 30 വര്‍ഷത്തെ നിയമ പോരാട്ടത്തിന് അറുതിവരുത്തികൊണ്ടാണ് ഇറ്റലിയിലെ പരമോന്നത കോടതി മറഡോണയെ കുറ്റവിമുക്തനാക്കിയെന്ന വിധി പ്രഖ്യാപിച്ചത്. റോമിലെ കോര്‍ട്ട് ഓഫ് കാസേഷന്‍ കോടതിയാണ് 2018ലെ വിധി  അസാധുവായ പ്രഖ്യാപിച്ചത്.

1984 – 1991 വര്‍ഷങ്ങള്‍ക്കിടയില്‍ മറഡോണ തന്റെ വ്യക്തിഗത കാര്യങ്ങള്‍ക്കായി നാപ്പോളി ക്ലബ്ബില്‍ നിന്നും ലഭിച്ച വേതനത്തിന്റെ നികുതി പെയ്‌മെന്റുകള്‍ ഒഴിവാക്കാന്‍ ലിച്ചെന്‍സ്റ്റീനിലെ പ്രോക്‌സി കമ്പനികളെ ഉപയോഗിച്ചുവെന്നായിരുന്നു അര്‍ജന്റീനന്‍ ഇതിഹാസത്തിനു നേരെ ഉണ്ടായിരുന്ന ആരോപണം.

1990ന്റെ തുടക്കത്തില്‍ മറഡോണക്കെതിരെയുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു.  ഇതേ തുടർന്ന് 37 മില്യണ്‍ യൂറോ തുക കെട്ടിവെക്കാന്‍ ആവശ്യപ്പെടുകയും മറഡോണയുടെ സ്വകാര്യ വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

വിധി പ്രഖ്യാപിച്ചതിന് ശേഷം മറഡോണയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

‘ഈ വിഷയം അവസാനിച്ചു. മറഡോണ ഒരിക്കലും ഒരു നികുതിവെട്ടിപ്പുകാരനല്ലെന്ന് എനിക്ക് നിസംശയം പറയാന്‍ സാധിക്കും. ഈ വിധി ആരാധകരോടും കായികമൂല്യത്തിനും നീതിപുലര്‍ത്തുന്ന ഒന്നാണ്. ഇത് കൂടുതലും മറഡോണയുടെ ഓര്‍മ്മകളോട് നീതിപുലര്‍ത്തുന്നു. 30 വര്‍ഷമായി അദ്ദേഹം അനുഭവിച്ച എല്ലാ പീഡനങ്ങള്‍ക്കും അറുതി വന്നിരിക്കുകയാണ്. മറഡോണയുടെ കുടുംബത്തിന് തീര്‍ച്ചയായും ഇതിനെതിരെ നഷ്ടപരിഹാരം തേടാം,’ ആഞ്ചലോ പിസാനി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2020 നവംബര്‍ 25നാണ് ഹൃദയാഘാതം മൂലം മറഡോണ ഈ ലോകത്തോട് വിട പറഞ്ഞത്. അര്‍ജന്റീനന്‍ ഫുട്‌ബോളിന് ധാരാളം സംഭാവനകള്‍ നല്‍കാനും മറഡോണക്ക് സാധിച്ചിരുന്നു.

1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത് മറഡോണയായിരുന്നു. അര്‍ജന്റീനന്‍ ജഴ്‌സിയില്‍ 91 മത്സരങ്ങളില്‍ നിന്നും 31 ഗോളുകളാണ് മറഡോണ നേടിയത്.

ക്ലബ്ബ് തലങ്ങളിലും മികച്ച പ്രകടനം അര്‍ജന്റീനന്‍ ഇതിഹാസം നടത്തിയിരുന്നു. അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ്, ബാഴ്സലോണ, നാപോളി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി മറഡോണ ബൂട്ട് കെട്ടിയിട്ടുണ്ട്.

Content Highlight: Diego Maradona was acquitted of tax evasion charges.

Latest Stories

We use cookies to give you the best possible experience. Learn more