'ഒരു മാച്ചിന് മുമ്പ് 20 തവണ ടോയ്‌ലെറ്റില്‍ പോകുന്നവനെ ക്യാപ്റ്റനാക്കുന്നത് മണ്ടത്തരം'; മെസിയെക്കുറിച്ച് മറഡോണ മുമ്പ് പറഞ്ഞത്
Football
'ഒരു മാച്ചിന് മുമ്പ് 20 തവണ ടോയ്‌ലെറ്റില്‍ പോകുന്നവനെ ക്യാപ്റ്റനാക്കുന്നത് മണ്ടത്തരം'; മെസിയെക്കുറിച്ച് മറഡോണ മുമ്പ് പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th May 2023, 2:01 pm

2018ല്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മെസിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തരംഗമാകുന്നു. ബാഴ്സലോണ താരമായ മെസി ഒരു നല്ല ലീഡര്‍ അല്ലെന്നായിരുന്നു മറഡോണ അന്ന് പറഞ്ഞത്.

2010ലെ ലോകകപ്പില്‍ മെസിയെ പരിശീലിപ്പിച്ചത് മറഡോണയായിരുന്നു. ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ മെസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇ.എസ്.പി.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ഇനി മെസിയെ ദൈവമാക്കരുത്. അവന്‍ ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോള്‍ മാത്രമാണ് മെസി. ആ ജേഴ്സി ധരിക്കുമ്പോള്‍ മാത്രമാണ് മെസി ദൈവമാകുന്നത്. അര്‍ജന്റീനക്ക് വേണ്ടി കളിക്കുമ്പോള്‍ അവന്‍ മറ്റാരോ ആണ്.

അവന്‍ മികച്ച താരമാണ്, എന്നാല്‍ മികച്ച ലീഡറല്ല. മത്സരം തുടങ്ങുന്നതിന് മുമ്പ് 20 പ്രാവശ്യം ടോയ്ലെറ്റില്‍ പോകുന്നവനെ പിടിച്ച് ലീഡറാക്കുന്നത് ഉപയോഗ ശൂന്യമാണ്,’ എന്ന് മറഡോണ പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന പരാജയപ്പെട്ടതോടെ മെസി ദേശീയ ടീമില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് മറഡോണ മെസിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടവേളയെടുക്കാന്‍ മെസി തീരുമാനിച്ചത് ബുദ്ധിപരമായ നീക്കമാണെന്നും മറഡോണ പറഞ്ഞിരുന്നു.

മറഡോണക്ക് കീഴില്‍ മൂന്ന് കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും 2014ലെ ലോകകപ്പിലും മെസി തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ 2018ല്‍ ലയണല്‍ സ്‌കലോണി പരിശീലന സ്ഥാനത്തേക്ക് എത്തിയതോടെ മികച്ച പ്രകടനമാണ് മെസി ദേശീയ ടീമിനായി പുറത്തെടുക്കുന്നത്.

സ്‌കലോണിയുടെ നേതൃത്വത്തില്‍ കോപ്പാ, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങള്‍ അര്‍ജന്റീന കരസ്ഥമാക്കുകയും കൂടാതെ സ്‌കലോണിക്ക് കീഴില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടാനും മെസിക്കായി.

സ്‌കലോണിക്ക് കീഴില്‍ അച്ചടക്കവും തീവ്രവുമായ ഫുട്ബോള്‍ കളിക്കുന്ന ഒരു ടീം എന്ന നിലയിലേക്കും, താരങ്ങളെ ആശ്രയിക്കുന്നതിന് പകരം ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു സംഘമായും അര്‍ജന്റീന മാറിയിരുന്നു.

അതേസമയം മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നുമാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Diego Maradona’s words about Lionel Messi goes viral