ബ്യൂണോ എയേഴ്‌സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. ന്യൂറോ സര്‍ജനെയും മറഡോണയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് ആരോഗ്യപ്രവര്‍ത്തകരെയുമാണ് കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്.
മറഡോണയുടെ അവസാന ദിവസങ്ങളില്‍ ഇവര്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും അവഗണിച്ചുവെന്നുമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
കഴിഞ്ഞ നവംബറിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരിക്കുന്നത്. തലച്ചോറില്‍ രക്തം കട്ടപ്പിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം ചികിത്സയും വിശ്രമവുമായി തുടരവേയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.
തുടര്‍ന്ന് മറഡോണയുടെ ന്യൂറോസര്‍ജനായ ലിയോപോള്‍ഡോ ലുക്യുവിനെതിരെ പരാതിയുമായി മക്കള്‍ രംഗത്തെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് മറഡോണയുടെ ആരോഗ്യനില ഗുരുതരമായതെന്നായിരുന്നു ഇവരുടെ പരാതി.
ഇതേ തുടര്‍ന്ന് 20 മെഡിക്കല്‍ വിദഗ്ധര്‍ ചേര്‍ന്ന പാനലിനെ പൊലീസ് നിയോഗിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ചികിത്സയില്‍ പിഴവുകളുണ്ടായിരുന്നെന്ന് കണ്ടെത്തി. മറഡോണയെ വിധിയ്ക്ക് വിട്ടുകൊടുക്കുയായിരുന്നു മെഡിക്കല്‍ ടീമെന്നും ഇവര്‍ പറയുന്നു.
ഹോം കെയറായിരുന്നു അവസാന ദിവസങ്ങളില്‍ മറഡോണയ്ക്ക് നല്‍കിയിരുന്നത്. അതിനുപകരം ആശുപത്രിയില്‍ എത്തിക്കുകയും കൃത്യമായ പരിചരണവും ചികിത്സയും നല്‍കുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹം ജീവിക്കാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മറഡോണയുടെ മെഡിക്കല്‍ ടീമിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായയിരുന്നു.
ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോയെ കൂടാതെ സൈക്ക്യാട്രിസ്റ്റ് അഗസ്റ്റിന കോസചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡിയാസ്, നഴ്‌സുമാരായ റിക്കാര്‍ഡോ അല്‍മിറോണ്‍, ദഹിയാന മാഡ്രിഡ്, നഴ്‌സിംഗ് കോഡിനേറ്റര്‍ മരിയാനോ പെറോണി, മെഡിക്കല്‍ കോഡിനേറ്റര്‍ നാന്‍സി ഫോര്‍ലിനി എന്നിവരെയാണ് ചോദ്യം ചെയ്യുക.
തങ്ങളാവുന്നതെല്ലാം ചെയ്തുവെന്നാണ് ആരോപണങ്ങളോട് ഡോക്ടര്‍മാരുടെ പ്രതികരണം. ചില മരുന്നുകളും ചികിത്സയും അദ്ദേഹം സ്വീകരിച്ചു, ചിലത് സ്വീകരിച്ചില്ല. കൊവിഡും ക്വാറന്റൈനും അദ്ദേഹത്തെ വളരെ മോശമായി ബാധിച്ചിരുന്നുവെന്നും ലിയോപോള്‍ഡ് പറഞ്ഞു.