നഗ്നപാദനായി പന്ത് തട്ടി, ദാരിദ്ര്യത്തോട് പൊരുതിയ ഒരു കുറിയ മനുഷ്യന്‍. ലോകം ഒരു ഫുട്‌ബോളിലേക്ക് ചുരുങ്ങുമ്പോള്‍ അതിന് വശ്യമായ കാല്‍പ്പനികതയോടെ കാലില്‍ കുരുക്കി വലയ്ക്കുള്ളിലാക്കുന്ന മികവ്.
ഡീഗോ അര്‍മാന്‍ഡോ മറഡോണയെന്ന കാല്‍പ്പന്ത് കളിക്കാരന്‍ ഒരുപിടി ഓര്‍മ്മകളുമായി മടങ്ങുകയാണ്. തെരുവില്‍ പന്ത് തട്ടി ലോകത്തോളം വളര്‍ന്ന നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറഡോണ എങ്ങനെയാണ് അവരില്‍ നിന്ന് വ്യത്യസ്തമാകുന്നത്?
ഉത്തരം ലളിതമാണ്. 1986 ലെ ലോകകപ്പ്. ശരാശരിക്കാരായ ഒരുപറ്റം കളിക്കാരുമായി വന്ന് വിശ്വം കീഴടക്കുക എന്നാല്‍ ചെറിയ കാര്യമല്ല. മറഡോണയ്ക്ക് അതിന് സാധിച്ചിരുന്നു. സാക്ഷാല്‍ പെലെയോടൊപ്പം ചിലപ്പോള്‍ പെലെയേക്കാള്‍ മുകളില്‍ തന്റെ പ്രതിഭയെ പ്രതിഷ്ഠിച്ച മറഡോണ പതിനാറാം വയസ്സില്‍ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറുന്നത്.
തൊട്ടുത്ത വര്‍ഷം അര്‍ജന്റീനയെ യൂത്ത് കപ്പ് ചാമ്പ്യന്‍മാരാക്കിയ ക്യാപ്റ്റന്‍. തുടക്കം മാത്രമായിരുന്നു അത്. പൊക്കമില്ലാത്ത ആ മനുഷ്യന്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു. പന്ത് കാലില്‍ ഘടിപ്പിച്ചുവെന്ന് തോന്നിപ്പിക്കും വിധം അയാള്‍ എതിരാളികളെ കബളിപ്പിച്ച് ഗോളുകള്‍ നേടി.
1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി. 1982 ല്‍ ആദ്യമായി ലോകകപ്പ് അരങ്ങേറ്റം. ആ ലോകകപ്പില്‍ പക്ഷെ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന രണ്ടാം റൗണ്ടില്‍ പുറത്തായി.
തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞ മറഡോണ ചരിത്രവും വിവാദവും സൃഷ്ടിച്ചു.
രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു വിവാദ ഗോള്‍. പെനല്‍റ്റി ബോക്സിനു പുറത്ത് വച്ച് ഉയര്‍ന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു.
അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേയ്ക്കാണ് ഉയര്‍ന്നെത്തിയത്. പന്തു തട്ടിയകറ്റാന്‍ ചാടിയുയര്‍ന്ന ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യില്‍ തട്ടി പന്ത് വലയിലേക്ക്.
ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ഹാന്‍ബോള്‍ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും റഫറി അംഗീകരിച്ചില്ല. എന്നാല്‍ രണ്ടാം ഗോള്‍ മറഡോണയെ അടയാളപ്പെടുത്തിയ ഗോളായിരുന്നു.
ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.
ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും നേടി. അര്‍ജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുകള്‍.
2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി.
തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു.
ലോകകപ്പുകളിലും, ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വാക്ക് തര്‍ക്കങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.