റൊണാൾഡോ പോർച്ചുഗലിനായി ഇനിയൊരു മേജർ ടൂർണമെന്റിൽ കളിക്കുമോ? പ്രതികരണവുമായി ജോട്ട
Football
റൊണാൾഡോ പോർച്ചുഗലിനായി ഇനിയൊരു മേജർ ടൂർണമെന്റിൽ കളിക്കുമോ? പ്രതികരണവുമായി ജോട്ട
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd August 2024, 12:15 pm

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് . രണ്ട് വര്‍ഷത്തിന് ശേഷം നടക്കാന്‍ പോവുന്ന ലോകകപ്പിൽ റൊണാള്‍ഡോ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇനി മറ്റൊരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ കളിക്കുമോ എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഡീഗോ ജോട്ട.

‘യൂറോകപ്പ് റൊണാള്‍ഡോയുടെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്റ് ആണ് എന്നതിനെക്കുറിച്ച് എനിക്കുറപ്പില്ല. തന്റെ അവസാന ടൂര്‍ണമെന്റിനെക്കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ ഫുട്‌ബോളിലെ ആദ്യകാലം മുതല്‍ അദ്ദേഹം എനിക്ക് ഒരു പ്രചോദനമായിരുന്നു. അദ്ദേഹം ഒരു ഐക്കണ്‍ ആണ്. പലതവണ അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലൊരു താരവുമായി ഡ്രസ്സിങ്ങിനും പങ്കിടുന്നതില്‍ എനിക്ക് വലിയ സന്തോഷമാണുള്ളത്. അതിന് ഞാന്‍ അദ്ദേഹത്തിനോട് നന്ദി പറയും,’ ലിവര്‍പൂള്‍ താരം ഗോളിലൂടെ പറഞ്ഞു.

അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടുകൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. 2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.

എന്നാല്‍ ഈ യൂറോ കപ്പില്‍ രണ്ട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ അല്‍ നസര്‍ നായകന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വ്യത്യസ്ത ആറു പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ തുര്‍ക്കിക്കെതിരെ നേടിയ അസിസ്റ്റിന് പിന്നാലെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരമായി മാറാനും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. യൂറോകപ്പില്‍ റൊണാള്‍ഡോ എട്ട് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.

നിലവിൽ റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം പുതിയ സീസണില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെയായിരുന്നു അല്‍ നസര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൊണാള്‍ഡോയും സംഘവും ഈ സീസണില്‍ ബൂട്ട് കെട്ടുക.

 

Content Highlight: Diego Jota Talks About Cristaino Ronaldo