ഫുട്ബോളിലെ ഗോട്ട് അവനാണ്: വമ്പൻ തെരഞ്ഞെടുപ്പുമായി ഫോർലാൻ
Football
ഫുട്ബോളിലെ ഗോട്ട് അവനാണ്: വമ്പൻ തെരഞ്ഞെടുപ്പുമായി ഫോർലാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th September 2024, 9:50 am

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഉറുഗ്വായ്ന്‍ താരം ഡീഗോ ഫോര്‍ലാന്‍. ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോര്‍ലാന്‍ മെസിയുടെ പേരാണ് പറഞ്ഞത്. ഗോള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫോര്‍ലാന്‍ ഇക്കാര്യം പറഞ്ഞത്.

ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 13 തവണയാണ് മെസിക്കെതിരെ ഫോര്‍ലാന്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ആറ് മത്സരങ്ങള്‍ ഫോര്‍ലാന്‍ വിജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ മെസിക്കൊപ്പമായിരുന്നു വിജയം.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും താരം പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

മെസി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

സെപ്റ്റംബര്‍ 14ന് ഫിലാഡല്‍ഫിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമി ലീഗ്സ് കപ്പില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ലീഗ്സ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമായിരിക്കും ഇനി അമേരിക്കന്‍ ക്ലബ്ബിന്റെ മുന്നിലുണ്ടാവുക.

 

Content Highlight: Diego Forlan Talks About Goat Debate