| Tuesday, 2nd July 2024, 8:13 am

ചരിത്രത്തിലെ ആദ്യ താരം, വിസ്മയിപ്പിച്ച് പോര്‍ച്ചുഗല്‍ വന്മതില്‍; റൊണാൾഡോയുടെ കണ്ണീരിലും പറങ്കിപ്പട മുന്നോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി പോര്‍ച്ചുഗല്‍. സ്ലൊവേനിയയെ പെനാല്‍ട്ടി ഷൂട്ട് ഔട്ടിൽ വീഴ്ത്തിയാണ് പറങ്കിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഡച്ച് ബാങ്ക് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും പെനാല്‍ട്ടി ഷൂട്ട് ഔട്ട് വിധിയെഴുതിയ മത്സരത്തില്‍ 3-0 എന്ന സ്‌കോറിനാണ് പോര്‍ച്ചുഗല്‍ വിജയിച്ചു കയറിയത്. പോര്‍ച്ചുഗലും സ്ലൊവേനിയയും മികച്ച നീക്കങ്ങളാണ് മത്സരത്തില്‍ നടത്തിയത്. എന്നാല്‍ ഇരു ടീമുകളിലെയും ഗോള്‍കീപ്പര്‍മാര്‍ മികച്ച സേവുകള്‍ നടത്തി തകര്‍പ്പന്‍ പ്രകടനം നടത്തുകയായിരുന്നു.

ഏക്‌സ്ട്രാ ടൈമില്‍ 104ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചിരുന്നു. എന്നാല്‍ പെനാല്‍ട്ടി എടുക്കാന്‍ എത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിഴക്കുകയായിരുന്നു. പോസ്റ്റിന്റെ വലതു കോര്‍ണറിലേക്ക് അടിച്ച റൊണാള്‍ഡോയുടെ ഷോട്ട് സ്ലോവേനിയന്‍ ഗോള്‍കീപ്പര്‍ ഒബ്ലാക് അനായാസമായി സേവ് ചെയ്യുകയായിരുന്നു.

പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതിന് പിന്നാലെ റൊണാള്‍ഡോ മൈതാനത്ത് കരയുകയും ചെയ്തിരുന്നു എന്നാല്‍ സഹതാരങ്ങള്‍ അല്‍ നസര്‍ നായകനെ ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് 114ാം മിനിട്ടില്‍ സ്ലൊവേനിയക്ക് ഒരു സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ അത്ഭുതകരമായ രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവില്‍ മത്സരം പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും രക്ഷപ്പെടുത്തിക്കൊണ്ട് ഡീഗോ കോസ്റ്റ പോര്‍ച്ചുഗലിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയായിരുന്നു.

ഈ മൂന്ന് തകര്‍പ്പന്‍ സേവുകകള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും ഡീഗോ കോസ്റ്റ സ്വന്തമാക്കി. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തിൽ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ മൂന്ന് പെനാല്‍ട്ടി കിക്കുകൾ സേവ് ചെയ്യുന്ന ആദ്യ ഗോള്‍കീപ്പര്‍ എന്ന നേട്ടമാണ് ഡീഗോ കോസ്റ്റ സ്വന്തമാക്കിയത്.

പോര്‍ച്ചുഗലിനായി ആദ്യ പെനാല്‍ട്ടി കിക്ക് എടുത്തത് റൊണാള്‍ഡോ ആയിരുന്നു. ഇതോടെ ഏക്‌സ്ട്രാ ടൈമില്‍ നഷ്ടപ്പെടുത്തിയ പെനാല്‍ട്ടിക്ക് പകരം ടീമിന് നിര്‍ണായകമായ ലീഡ് നേടിക്കൊടുക്കാനും റൊണാള്‍ഡോക്ക് സാധിച്ചു.

അതേസമയം മത്സരത്തിന്റെ സര്‍വ മേഖലയിലും റോബര്‍ട്ടോ മാർട്ടിനസും കൂട്ടരും ആയിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. മത്സരത്തില്‍ 73 ശതമാനം ബോള്‍ പൊസഷനും പോര്‍ച്ചുഗലിന്റെ അടുത്തായിരുന്നു. 20 ഷോട്ടുകളാണ് പറങ്കിപ്പട എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ ആറ് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളില്‍ രണ്ടെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സ്ലൊവേനിയക്ക് സാധിച്ചു. ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെയാണ് പോര്‍ച്ചുഗല്‍ നേരിടുക.

Content Highlight: Diego Costa Create a New Record in Euro Cup

Latest Stories

We use cookies to give you the best possible experience. Learn more