| Wednesday, 15th April 2020, 11:57 am

പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം; ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് രോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മുന്‍ മന്ത്രിയടക്കം നിരവധി പേരായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തവരേയും ഇവരുടെ ബന്ധുക്കളേയുമെല്ലാം ഇതോടെ നിരീക്ഷണത്തിലായിക്കിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ഡോക്ടറാണ് മരണപ്പെട്ടത്.

എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് അറിയുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 11439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1306 പേര്‍ക്ക് രോഗം ഭേദമായെങ്കിലും ഇതുവരെ 377 പേര്‍ മരണപ്പെട്ടു. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിര്‍ദ്ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more