national news
പരീക്കറുടെ ചിത കത്തി തീരുന്നത് വരെയെങ്കിലും കാത്ത് നില്‍ക്കാമായിരുന്നു: ബി.ജെ.പിയ്‌ക്കെതിരെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 20, 11:21 am
Wednesday, 20th March 2019, 4:51 pm

മുംബൈ: മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ച് ശിവസേന പത്രം സാമ്‌ന. പരീക്കറുടെ ചിത കത്തി തീര്‍ന്നിട്ട് മതിയായിരുന്നു ബി.ജെ.പിയുടെ നാണം കെട്ട ഈ രാഷ്ട്രീയക്കളിയെന്ന് ശിവസേന പറയുന്നു.

ജനാധിപത്യത്തിന്റെ ഭീകരാവസ്ഥയാണ് കണ്ടതെന്നും സത്യപ്രതിജ്ഞാ ചടങ്ങിന് തിങ്കളാഴ്ച വരെ കാത്തിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്നും സാമ്‌ന എഡിറ്റോറിയല്‍ പറയുന്നു.

ചിത കത്തുമ്പോള്‍ അധിക്കാരക്കൊതിയന്മാര്‍ പരസ്പരം കഴുത്തിന് പിടിക്കുകയായിരുന്നു. പരീക്കറുടെ ഭൗതികശരീരത്തില്‍ അര്‍പ്പിച്ച പൂക്കള്‍ പോലും വാടിയിട്ടുണ്ടാവില്ല. ധാവലിക്കറിനെയും സര്‍ദേശായിയെയും കോണ്‍ഗ്രസ് സ്വന്തമാക്കുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സാമ്‌ന എഡിറ്റോറിയല്‍ പറയുന്നു.

19 എം.എല്‍.എമാരടങ്ങുന്ന ഭരണകക്ഷിയില്‍ രണ്ട് പേരെ ഉപമുഖ്യമന്ത്രിമാരാക്കിയത് നാണക്കേടാണെന്നും ശിവസേന പറയുന്നു.

മനോഹര്‍ പരീക്കറുടെ വിയോഗത്തിന് പിന്നാലെ കടുത്ത രാഷ്ട്രീയ വിലപേശലിനൊടുവില്‍ സഖ്യകക്ഷികളായ എം.ജി.പിയുടെ സുദിന്‍ ധവാലികര്‍, ജി.പി.എ.ഫിന്റെ വിജയ് സര്‍ദേശായ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബി.ജെ.പി ഉപമുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിയിരുന്നത്.