[]ന്യൂദല്‍ഹി: ##കൂടംകുളം സമര നേതാവ് എസ്.പി ഉദയകുമാറിനെ ##ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം റിട്ട. അഡ്മിറല്‍ എല്‍. രാമദാസ് വ്യക്തമാക്കി.
ഉദയകുമാറിന് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ ഉദയകുമാറിനെ സന്ദര്‍ശിച്ചത് വ്യക്തിപരമാണെന്നും രാമദാസ് വ്യക്തമാക്കി.
ഉദയകുമാറിന്റെ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ്‍. ഇതുമായി ബന്ധപ്പെട്ടുള്ള സന്ദര്‍ശനമാണ് നടന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഈ സന്ദര്‍ശനവുമായി ബന്ധമില്ല. സന്ദര്‍ശനത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും രാമദാസ് അറിയിച്ചു.
കൂടംകുളം ഇടിന്തകരൈയിലുള്ള സമരസമിതി വേദി പ്രശാന്ത് ഭൂഷന്‍ ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഉദയകുമാറിനെ പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്നായിരുന്നു വാര്‍ത്ത.
കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എഎപി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ഉദയ് കുമാറിനോട് പ്രശാന്ത് ഭൂഷണ്‍ അഭ്യര്‍ഥിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.
ലോകസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിക്ക് നടപടിക്രമങ്ങളുണ്ടെന്നും മത്സരിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷ നല്‍കണമെന്നും രാമദാസ് അറിയിച്ചു.
മല്ലികാ സാരാഭായി, ക്യാപ്റ്റന്‍ ഗോപിനാഥ്, മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ്, മീര സന്യാല്‍ എന്‍ .ഡി.ടി.വി. മുന്‍ സി.ഇ.ഒ സമീര്‍ നായര്‍ ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം വി.ബാലകൃഷ്ണന്‍ എന്നിവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
കേരളത്തില്‍ നിന്നും സാറാ ജോസഫും ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.