ലളിത് മോദിയെ സഹായിച്ചിട്ടില്ല: സുഷമ സ്വരാജ്
Daily News
ലളിത് മോദിയെ സഹായിച്ചിട്ടില്ല: സുഷമ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2015, 1:53 pm

sushama-swaraj-01

ന്യൂദല്‍ഹി:  ആരോപണ വിധേയനായ മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് വേണ്ടി യു.കെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി സുഷമസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. കനത്ത പ്രതിപക്ഷ ബഹളത്തിനിടെയാണ് സുഷമയുടെ വിശദീകരണം. രാജ്യസഭയിലാണ് സുഷമാ സ്വരാജ് തന്റെ നിലപാട് അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി സഭയില്‍ ഇക്കാര്യം വിശദീകരിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകുന്നതിന് പകരം ബഹളമുണ്ടാക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്നും സുഷമ സ്വരാജ് പറഞ്ഞു.

അതേ സമയം വിഷയത്തില്‍ സുഷമയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലാത്ത പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. കടുത്ത പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ സഭ 2 മണിവരെ നിര്‍ത്തിവെച്ചു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്ത് എത്തി. മന്‍ കീ ബാത് നടത്തുന്ന പ്രധാനമന്ത്രി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ആരോപണം ഉയരുമ്പോള്‍ മൗനവ്രതത്തിലാവുന്നെന്നും, പ്രതിപക്ഷത്തിരുന്നപ്പോള്‍ പാര്‍ലമെന്റ് സതംഭിപ്പിച്ചവരാണ് ഇപ്പോള്‍ അച്ചടക്കത്തെ കുറിച്ച് പറയുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.

ആരോപണ വിധേയരായവര്‍ രാജി വെക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പുറകോട്ട് പോകേണ്ടെന്ന നിലപാടാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും സോണിയ വ്യക്തമാക്കിയിട്ടുണ്ട്. പ

പാര്‍ലമെന്റിന്റെ വര്‍ഷകാ സമ്മേളനം അവസാനിരിക്കെ കേവലം 9 പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതിനിടയില്‍ ചരക്ക് സേവന നികുതി ബില്ല് അടക്കം 11 പ്രധാന ബില്ലുകള്‍ സര്‍ക്കാരിന് പാസാക്കേണ്ടതുണ്ട്.