കൊച്ചിന്‍ ബിനാലെയ്ക്ക് കൂടുതല്‍ ധനസഹായം നല്‍കില്ല: കെ.സി ജോസഫ്
Kerala
കൊച്ചിന്‍ ബിനാലെയ്ക്ക് കൂടുതല്‍ ധനസഹായം നല്‍കില്ല: കെ.സി ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2012, 12:38 pm

കൊച്ചി: അഴിമതിയാരോപണത്തില്‍ കുടുങ്ങിയ കൊച്ചിന്‍ ബിനാലെയ്ക്ക് കൂടുതല്‍ ധനസഹായം നല്‍കില്ലെന്ന് സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്. ബിനാലെയെ കുറിച്ചുള്ള അഴിമതിയെ കുറിച്ച് അന്വേഷിക്കുമെന്നും കെ.സി ജോസഫ് അറിയിച്ചു.[]

പദ്ധതിക്ക് അനുമതി നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നടപടി ക്രമങ്ങളില്‍ പിശകുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബിനാലെ നടത്തിപ്പിനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച അഞ്ച് കോടി രൂപ ദുരുപയോഗം ചെയ്തതായി ധനംവകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ഇതോടെ കൊച്ചി ബിനാലെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പണം തിരിച്ചുപിടിക്കണമെന്നും ധനംവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള പ്രാഥമിക സഹായമായി അഞ്ച് കോടി രൂപ തട്ടിയെടുക്കുന്നതിനാണ് ബിനാലെ ഫൗണ്ടേഷന് പുറമെ ട്രസ്റ്റ് രൂപവത്കരിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രദര്‍ശനം നടത്താന്‍ 74 കോടിയുടെ പദ്ധതിയാണ് ബിനാലെ ഫൗണ്ടേഷന്‍ ഇടതുസര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതിന്റെ ആദ്യഗഡുവായാണ് അഞ്ചുകോടി നല്‍കിയത്. കാനായികുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ ചിത്രകാരന്മാര്‍ ഇതിനെതിരെ രംഗത്തു വന്നതിനെത്തുടര്‍ന്നാണ് ബാക്കി പണം നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടത്.
അനുവദിനീയമല്ലാതെ ചിലവഴിച്ച തുക തിരിച്ചുപിടിക്കണമെന്നും സ്ഥാപനത്തില്‍ നിന്ന് തുക ലഭിച്ചില്ലെങ്കില്‍ ട്രസ്റ്റുകളില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബിനാലെ നടത്തിപ്പില്‍ കൃത്രിമത്വം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സ്വകാര്യ ട്രസ്റ്റാണ് ബിനാലെ സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനമാണ് കൊച്ചി ബിനാലെ.