ന്യൂദല്‍ഹി: കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പക്ഷപാതിത്വം കാണിക്കരുതെന്നും രാഹുല്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
ആദിവാസികളെ വെടിവെച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്ന പ്രസ്താവനയിലൂടെ താന്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ 11 പേജുള്ള മറുപടിയില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നു.
ഹിന്ദിയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ രാഷ്ട്രീയ പ്രസ്താവനയായിരുന്നു. തെറ്റിദ്ധരിപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശമായിരുന്നില്ല അതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
തന്റെ വിമര്‍ശനം മോദി സര്‍ക്കാറിന്റെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കുമെതിരായിരുന്നെന്നും രാഹുല്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ സ്വതന്ത്ര രാഷ്ട്രീയ അഭിപ്രായ പ്രകടനം വിലക്കരുത്. തനിക്കെതിരെ ഇത്തരം പരാതികള്‍ നല്‍കിയിരിക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നും തന്റെ ശ്രദ്ധതിരിക്കുകയെന്ന ലക്ഷ്യമിട്ടാണെന്നും രാഹുല്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രസ്താവനകളില്‍ നടപടിയെടുക്കാത്ത കമ്മീഷന്റെ നടപടിയേയും രാഹുല്‍ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ആദിവാസികളെ വെടിവെച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്ന പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിയോട് രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കിയത്.
പൊലീസിന് ആദിവാസികളെ വെടിവെയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിന് മോദി രൂപം കൊടുത്തിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 23ന് ഷാഡോളിലെ റാലിയിലായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.