| Wednesday, 12th January 2022, 3:07 pm

ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഉറക്കഗുളിക കഴിച്ചത് കൂടിപോയതാണ്: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാദം തള്ളി നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടി. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതെന്നുമാണ് നടിയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് യുവനടി മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

കേസില്‍ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമയി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു സിനിമ താരങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹാജരാവാത്തതാണ് കാരണം.

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Didn’t try to commit suicide, took sleeping pills too much: Young actress who deviated in the case of attacking the actress

We use cookies to give you the best possible experience. Learn more