| Friday, 2nd April 2021, 4:44 pm

ഞാന്‍ ഇ.വി.എം മോഷ്ടിച്ചുകടത്തിയിട്ടില്ല: എന്റെ ഡ്രൈവര്‍ പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നു; വിശദീകരണവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: കാറില്‍ ഇ.വി.എം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോള്‍. താന്‍ ഇ.വി.എം മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തന്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്നും പോള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അവരെ സഹായിക്കുകയായിരുന്നെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് കൃഷ്‌ണേന്ദു പോള്‍ പറഞ്ഞത്.

‘ എന്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അദ്ദേഹം അനുസരിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഞാന്‍ എന്ന് കാണിക്കുന്ന ഒരു പാസ്സ് ഞാന്‍ വാഹനത്തില്‍ വെച്ചിരുന്നു. അത് അവര്‍ കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണെന്ന് അവര്‍ക്കും അറിയില്ലായിരിക്കാം. അതുകൊണ്ടാവാം സഹായം ചോദിച്ചത്, കൃഷ്‌ണേന്ദു പറഞ്ഞു.

അതേസമയം അസമില്‍ ബി.ജെ.പി നേതാവിന്റെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. പോളിങ് ബൂത്ത് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ ബൂത്തില്‍ റീ പോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാനായിരുന്നു ബി.ജെ.പി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ ഇ.വി.എം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാര്‍ത്തന്‍കണ്ടിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് കൃഷ്ണേന്ദു പോള്‍.

കരിംഗഞ്ചില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ എം.എല്‍.എയുടെ വാഹനത്തില്‍ ഇ.വി.എം മെഷീന്‍ കയറ്റിക്കൊണ്ടുപോവുന്നതായുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുകൊണ്ടുപോകേണ്ടതിന് പകരമായിരുന്നു പോളിങ്ങിന് ശേഷം ഇ.വി.എം ബി.ജെ.പി എം.എല്‍.എയുടെ കാറില്‍ കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.

ഇ.വി.എം കയറ്റിയ വാഹനം നാട്ടുകാര്‍ തടയുകയും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരും ബി.ജെ.പി എം.എല്‍.എയും ചില പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

എന്നാല്‍ പോളിങ് കഴിഞ്ഞ് ഇ.വി.എമ്മുമായി സ്‌ട്രോങ് റൂമിലേക്ക് പോകുന്ന വഴി തങ്ങളുടെ വാഹനം കേടായെന്നും പിറകെയെത്തിയ മറ്റൊരു വാഹനം ലിഫ്റ്റ് തന്നപ്പോള്‍ അതില്‍ കയറുകയായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

തങ്ങള്‍ കയറിയ കാര്‍ ബി.ജെ.പി നേതാവിന്റേതാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ഇവര്‍ പറഞ്ഞത്. ഇ.വി.എമ്മിന്റെ സീലുകളൊന്നും പൊട്ടിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥരില്‍ നിന്നും സംഭവിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നത് എല്ലാ ദേശീയ പാര്‍ട്ടികളും പരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ സാധാരണമായി തീരുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Didn’t steal EVM, driver simply helped polling officials: BJP candidate Krishnendu Paul

We use cookies to give you the best possible experience. Learn more