| Wednesday, 24th April 2019, 8:17 am

ആ മുഖം മൂടിക്ക് പിന്നിലുള്ള യഥാര്‍ത്ഥ മുഖം അറിയില്ലായിരുന്നു: മോദിയ്‌ക്കെതിരെ വിജേന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി ദേശീയ ബോക്‌സിങ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിജേന്ദര്‍ സിങ്.

‘ഒരാളെ പ്രശംസിക്കുമ്പോള്‍ മുഖം മൂടിയ്ക്ക് പിന്നില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. 2014ല്‍ ബി.ജെ.പി വലിയ വിജയമാണ് നേടിയിരുന്നത്’ വിജേന്ദര്‍സിങ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പരസ്പരം അഭിനന്ദിക്കുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു വിജേന്ദര്‍ സിങ്.

പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്നാണ് പറഞ്ഞത്. അതിന്റെ യൂട്യൂബ് വീഡിയോ എന്റെ പക്കലുണ്ട്. കള്ളം പറഞ്ഞതായിരുന്നു. ആളുകള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അദ്ദേഹത്തെ വിശ്വസിച്ചു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് മോദിയെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.

തന്റെ ചിന്തകളും കാഴ്ചപ്പാടും കോണ്‍ഗ്രസിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഭാവിയെ കുറിച്ച് സംസാരിക്കുന്നവരും വിദ്യാഭ്യാസമുള്ളവരുമായ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.

സൗത്ത് ഡല്‍ഹി മണ്ഡലത്തിലാണ് വിജേന്ദറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് എം.പിയായ രമേഷ് ബിധൂരിയാണു വിജേന്ദറിന്റെ പ്രധാന എതിരാളി.

ഹരിയാന സ്വദേശിയാണ് 33-കാരനായ വിജേന്ദര്‍. ഒളിമ്പിക്സിനു പുറമേ 2009-ല്‍ മിലാനില്‍ നടന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2006, 2014 വര്‍ഷങ്ങളില്‍ വെള്ളിയും 2010-ല്‍ വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ 2010-ല്‍ സ്വര്‍ണവും 2006-ല്‍ വെങ്കലവും നേടി.

We use cookies to give you the best possible experience. Learn more