| Sunday, 8th March 2020, 12:29 pm

'ദിവസങ്ങളോളം കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ല'; ജാര്‍ഖണ്ഡില്‍ പട്ടിണിമൂലം 42 വയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊക്കാറോ: ജാര്‍ഖണ്ഡിലെ ബൊക്കാറോവില്‍ പട്ടിണി മൂലം 42 വയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഭുഖല്‍ ഘാസി എന്ന ആളാണ് പട്ടിണി മൂലം മരിച്ചത്. കുറേദിവസങ്ങളായി കുടുംബത്തിന് കഴിക്കാന്‍ ആഹാരം ഉണ്ടായിട്ടില്ലെന്ന് ഭുഖല്‍ ഘാസിയുടെ ഭാര്യ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.ഘാസിക്ക് റേഷന്‍ കാര്‍ഡോ ആയുഷ്മാന്‍ കാര്‍ഡോ ഉണ്ടായിരുന്നില്ല.

നീണ്ടു നിന്ന അസുഖത്തെ തുടര്‍ന്നാണ് ഭുഖാല്‍ ഘാസി മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
” അദ്ദേഹത്തിന് വിളര്‍ച്ച ഉണ്ടായിരുന്നു. ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്ന അദ്ദേഹം അസുഖത്തെത്തുടര്‍ന്ന് ആറ് മാസം മുമ്പാണ് തിരിച്ചെത്തിയത്. നീണ്ടു നിന്ന രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്”, ബൊക്കാറോ ജില്ലാ കമ്മീഷണര്‍ മുകേഷ് കുമാര്‍ പറഞ്ഞു.

മുഴുവന്‍ കുടുംബത്തിനും വിളര്‍ച്ചയുണ്ടെന്നും. ഭീംറാവു അംബേദ്കര്‍ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭുഖാല്‍ ഘാസിയുടെ ഭാര്യക്ക് സഹായം നല്‍കുമെന്നും ഗുരുതരമായ വിളര്‍ച്ച ഉള്ള അവര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിത്ത് ചികിത്സ നല്‍കുമെന്നും ബ്ലോക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.

സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more